തമിഴ്നാട് വെള്ളമെടുത്തു, തേക്കടിയിൽ ജലനിരപ്പ് താഴ്ന്നു; സീസണിൽ ബോട്ട് സവാരി പ്രതിസന്ധിയിലേക്ക്

മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്നാട് നിയന്ത്രണമില്ലാതെ ജലം എടുത്തതോടെ വിനോദ സഞ്ചാര സീസണില്‍ തേക്കടി തടാകത്തിലെ ബോട്ട് സവാരി പ്രതിസന്ധിയിലേക്ക്.അണക്കെട്ടിലെ ജലനിരപ്പ് 113.90 അടിയിലേക്ക് താഴ്ന്നതോടെയാണ് മരക്കുറ്റികള്‍ നിറഞ്ഞ തേക്കടി തടാകത്തിലെ ബോട്ട് സവാരി വിഷമകരമായത് .
തമിഴ്നാട്ടിലേക്ക് നിയന്ത്രണമില്ലാതെ ജലം ഒഴുക്കിയതോടെയാണ് അണക്കെട്ടിലും തടാകത്തിലും ജലനിരപ്പ് താഴ്ന്നത്. അണക്കെട്ട് നിർമ്മാണത്തോടെ രൂപപ്പെട്ട തടാകവും ജലം സംഭരിക്കപ്പെട്ടതോടെ മുങ്ങിയ മരങ്ങളുടെ കുറ്റികളുമാണ് തടാകത്തിലുള്ളത്. ജലനിരപ്പ് താഴുന്നതോടെ മരക്കുറ്റികളുടെ മുകള്‍ ഭാഗം തടാകത്തില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഉയർന്നുവരും. ഇവയില്‍ തട്ടാതെ വേണം പ്രത്യേക ഭാഗത്തു കൂടി ബോട്ട് സവാരി നടത്താൻ. ഇതാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്.
ജലനിരപ്പ് 113. 90 അടി ഉണ്ടെങ്കിലും ഇത്രയും ആഴത്തില്‍ ജലമുള്ളത് അണക്കെട്ടിന് സമീപത്ത് മാത്രമാണ്. ബോട്ട് സവാരി തുടങ്ങുന്ന തേക്കടി ബോട്ട് ലാൻഡിങ് ഭാഗത്ത് ജലനിരപ്പ് 50 അടിയില്‍ താഴെയാണ്. ജലനിരപ്പ് വീണ്ടും താഴ്ന്നാല്‍ ഇപ്പോഴുള്ള ഭാഗത്ത് ബോട്ട് അടുപ്പിക്കാനോ സഞ്ചാരികളെ കയറ്റാനോ കഴിയില്ല. ഇതും ആശങ്കക്ക് ഇടയാക്കുന്നുണ്ട്. മധ്യവേനല്‍ അവധിക്കാലമായതോടെ കുട്ടികളുമായി നിരവധി കുടുംബങ്ങളാണ് തേക്കടി കാണാൻ എത്തുന്നത്.
തമിഴ്നാട് ഉൾപ്പെടെ പല ഭാഗത്തു നിന്നും സഞ്ചാരികള്‍ ജൂണ്‍ പകുതി വരെ തേക്കടിയിലേക്ക് എത്തുമെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. തടാകത്തിലെ ബോട്ട് സവാരിയും ഇതുവഴി വനമേഖലയിലും തടാകതീരത്തും കാണപ്പെടുന്ന വന്യജീവികളെയും കാണുന്നതിനാണ് സഞ്ചാരികള്‍ തേക്കടിയിലേക്ക് എത്തുന്നത്. ജലനിരപ്പ് താഴ്ന്ന് ബോട്ട് സവാരി തടസ്സപ്പെട്ടാല്‍ വരുന്ന സഞ്ചാരികള്‍ നിരാശരായി മടങ്ങേണ്ടി വരുമെന്നതാണ് വിനോദ സഞ്ചാര മേഖലയെ ആശങ്കയിലാക്കുന്നത്.