അപായ സൈറണ്‍ മുഴങ്ങും; ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട, ചുഴലിക്കാറ്റ് പ്രതിരോധം: മോക്ക് ഡ്രില്‍ നാളെ

ദേശിയ ദുരന്ത നിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി നാളെ (ഏപ്രില്‍ 11-ന്) സംസ്ഥാനത്തെ ചുഴലിക്കാറ്റും അനുബന്ധ ദുരന്തങ്ങളും പ്രതിരോധിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍ അറക്കുളം വില്ലേജില്‍ ഉള്‍പ്പെടുന്ന മൂലമറ്റം പവര്‍ ഹൗസിലും ദേവികുളം താലൂക്കില്‍ പള്ളിവാസല്‍ വില്ലേജിലെ പള്ളിവാസല്‍ പവര്‍ ഹൗസിലും രാവിലെ 8 നും ഉച്ചക്ക് ഒന്നിനും ഇടയില്‍ മോക്ഡ്രില്‍ നടത്തും.
ഈ സമയത്ത് ഇരു പവര്‍ ഹൗസുകളില്‍ നിന്നും ഫയര്‍ ഫോഴ്‌സ്, ദേശീയ ദുരന്ത പ്രതികരണ സേന, പോലീസ്, ആരോഗ്യ വകുപ്പ് എന്നിവരുടെ വാഹനങ്ങളില്‍ നിന്നും അപായ സൈറണ്‍ മുഴങ്ങുന്ന അവസരത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല. ദുരന്ത പ്രതികരണ തയാറെടുപ്പില്‍ നിര്‍ണായകമാണ് മോക്ക്ഡ്രില്‍ എക്‌സര്‍സൈസുകള്‍.
ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം, കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം, വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, സൈറണുകളുടെ പ്രവര്‍ത്തനം, അപകട സ്ഥലത്ത് നടത്തുന്ന പ്രതികരണ-രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനം മുതലായവയും നിലവില്‍ ഓരോ സംവിധാനങ്ങളും എത്രത്തോളം സജ്ജമാണെന്നു പരിശോധിക്കാനും ശ്രദ്ധയില്‍പ്പെടുന്ന പോരായ്മകള്‍ പരിഹരിക്കാനുമാണ് മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നത്.