ഇരുപതേക്കർ തൊവരയാർ റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചുകൊണ്ട് പ്രത്യക്ഷ സമരത്തിലേക്ക് കോൺഗ്രസ് വാർഡ് കമ്മറ്റി

കട്ടപ്പന നഗരസഭയിൽ ഉൾപ്പെട്ട ഇരുപതേക്കർ തൊവരായാർ റോഡ് ആണ് ഏറെ നാളുകളായി ശോച്യാവസ്ഥയിൽ തുടരുന്നത്. നിരവധി തവണ പ്രതിഷേധങ്ങൾ അടക്കം ഉണ്ടായതോടെ ഏതാനും ഭാഗം മാത്രം ടാറിങ് ചെയ്തിരുന്നു. ഇതോടൊപ്പം പലപ്രാവശ്യം ജല വിഭവ വകുപ്പ് മന്ത്രി റോഷി ആഗസ്റ്റിൻ റോഡിനായി ഫണ്ട് അനുവദിക്കുകയും ചെയ്തു.എന്നാൽ നടപടികൾ മാത്രം ഉണ്ടായില്ല. ഇതോടെ വലിയ യാത്രാ ദുരിതമാണ് പ്രദേശവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർ നേരിടുന്നത്.
മുൻപ് എം എൽ എ ഫണ്ട് അനുവദിച്ചതിനാൽ മുൻസിപാലിറ്റി ഫണ്ട് റോഡിനായി അനുവദിക്കാനും സാധിക്കില്ല എന്നും നേതാക്കൾ പറയുന്നു. പ്രദേശവാസികൾക്ക് പുറമെ കക്കാട്ടുകടയിൽ നിന്നുള്ള ബൈപ്പാസ് ആയും നിരവധിയാളുകൾ ഈ പാതയേയാണ് ആശ്രയിക്കുന്നത്. കാഞ്ചിയാർ ഭാഗത്തുനിന്ന് ഇരുപതേക്കർ താലൂക്ക് ആശുപത്രിയിലേക്ക് എത്തുന്ന രോഗികൾ ഉൾപ്പെടെ ഈ പാതയിലൂടെയാണ് കടന്നുവരുന്നത്.
റോഡിലെ പല ഭാഗങ്ങളിലായി വലിയ ഗർത്തങ്ങ ളാണ് രൂപപ്പെട്ടിട്ടുള്ളത്. പലതവണ മണ്ണ് ഇട്ട് നാട്ടുകാർ തന്നെ കുഴിയടച്ചെങ്കിലും മഴ പെയ്യുന്നതോടെ അവ ഇളകിപ്പോകും. നാളുകളായി മേഖലയോട് കാണിക്കുന്ന സർക്കാർ അവഗണനക്കെതിരെയാണ് തൊവരയാർ ഇരുപതേക്കർ റോഡ് അടിയന്തരമായി യാത്ര യോഗ്യമാക്കുക എന്ന മുദ്രാവാക്യം ഉയർത്തി സമരം നടത്തുന്നത്. റോഡ് ഉപരോധം ഉൾപ്പെടെ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് നേതാക്കളായ ജോണി വടക്കേക്കര, ബിജു പൊന്നോലി, ബെന്നി അലേഷ് എന്നിവർ പറഞ്ഞു.