നെടുങ്കണ്ടത്ത് റൂഫിംഗ് ജോലിക്കിടെ നിർമ്മാണ തൊഴിലാളി വീണ് മരിച്ചു

നെടുങ്കണ്ടത്ത് റൂഫിംഗ് ജോലിക്കിടെ നിർമ്മാണ തൊഴിലാളി വീണ് മരിച്ചു. ആലപുഴ മാരാരികുളം സ്വദേശി ജെബിൻ ബെന്നി ആണ് മരിച്ചത്.നെടുങ്കണ്ടത്തെ എച്ച്.പി പെട്രോള്‍ പമ്പിലെ നിർമ്മാണ ജോലികൾക്കിടെ ആയിരുന്നു അപകടം.റൂഫിംഗ് ജോലിക്കിടെ പ്ലാറ്റ്‌ഫോം ലാഡർ മറിഞ്ഞ് ജെബിൻ നിലത്തു വീഴുകയായിരുന്നു.ജെബിന് ഒപ്പം ജോലി ചെയ്തിരുന്ന ചേര്‍ത്തല സ്വദേശി ബോബിനും പരിക്കേറ്റു.
ഇരുവരും സഹജോലിക്കാര്‍ക്കൊപ്പം പെട്രോള്‍ പമ്പിന്റെ റൂഫിംഗ് ജോലികള്‍ ചെയ്തു വരികയായിരുന്നു. മുപ്പത് അടിയിലധികം ഉയരമുള്ള പ്ലാറ്റ്‌ഫോം ലാഡറില്‍ കയറിനിന്നായിരുന്നു ജെബിനും, ബോബിനും ജോലി ചെയ്തുകൊണ്ടിരുന്നത്. ഇതിനിടെ ലാഡര്‍ ഉലയുകയും ഇരുവരും നിലത്തുവീഴുകയുമായിരുന്നു. ജെബിന്‍ തലയടിച്ചാണ് നിലത്ത് വീണത്. ഇതിനൊപ്പം ലാഡറിന്റെ ഇരുമ്പ് പൈപ്പുകളും തട്ടും ജെബിന്റെ ശരീരത്തിൽ പതിക്കുകയും ചെയ്തു.
ഉടന്‍തന്നെ ഇരുവരെയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജെബിനെ തേനി മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു. വീഴ്ചയില്‍ ബോബിന്റെ കാലുകള്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.