ഷ്മിത്ത് സയൻസ് ഫെലോഷിപ്പ് നേടി കാഞ്ചിയാർ സ്വദേശിനി സ്റ്റെഫി ജോസ്

ഹൈദരാബാദിലുള്ള ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ ഗവേഷക വിദ്യാർഥിയാണ് സ്റ്റെഫി. ലോകമെമ്പാടുമുള്ള ശാസ്ത്ര, എഞ്ചിനീയറിങ്, ഗണിതശാസ്ത്ര, കമ്പ്യൂട്ടിങ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള മികച്ച 32 ഗവേഷകരെ തെരഞ്ഞെടുക്കുന്ന പദ്ധതിയാണ് ഷ്‌മിത്ത് സയൻസ് ഫെലോഷിപ്പ്. ഇന്ത്യയിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഗവേഷകയാണ് സ്റ്റെഫി. 15 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് 2025ൽ തെരഞ്ഞെടുക്കപ്പെട്ടത്.
ഫെലോഷിപ്പ് ലഭിക്കുന്നവർക്ക് 94 ലക്ഷം രൂപ സ്റ്റൈപെൻഡായി ലഭിക്കും. കൂടാതെ ലോകത്തിലെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിൽ 2 വർഷം വരെ സ്വതന്ത്രമായി ഗവേഷണം നടത്താനും പുതിയ മേഖലയിലേയ്ക്ക് കടന്ന് സംരംഭങ്ങൾ ആരംഭിക്കാനും സാധിക്കും. 100ലേറെ സർവകലാശാലകളുമായി സഹകരിച്ചാണ് ഗവേഷകരെ തെരഞ്ഞെടുക്കുന്നത്.
നോമിനികളെ തെരഞ്ഞെടുക്കുന്നത് അപേക്ഷാ പ്രക്രിയയിലൂടെയാണ്. അതിൽ അവരുടെ യഥാർഥ വിഷയങ്ങളിലെ വിദഗ്‌ധരുടെ പാനലുകളുടെ ഒരു അക്കാദമിക് അവലോകനവും ശാസ്ത്രജ്ഞരുടെയും സ്വകാര്യ മേഖലയിലെ പ്രമുഖരുടെയും ഒരു മൾട്ടി ഡിസിപ്ലിനറി പാനലുമായുള്ള അഭിമുഖങ്ങളും ഉൾപ്പെടുന്നു.