കോണ്‍ഗ്രസ് കാഞ്ചിയാര്‍ മണ്ഡലം കമ്മിറ്റി ഏപ്രിൽ 2ന് കാഞ്ചിയാര്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തും

പഞ്ചായത്ത് ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സ്സ് നിര്‍മിക്കാനായി വാങ്ങിയ സ്ഥലം ഭരണസമിതിയുടെ ഒത്താശയോടെ കൈയേറി പിഡബ്ല്യുഡി കരാറുകാരന്‍ മണ്ണും കല്ലും മറ്റ് കെട്ടിടാവശിഷ്ടങ്ങളും തള്ളിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് സമരം. ഡിസിസി വൈസ് പ്രസിഡന്റ് ജോര്‍ജ് ജോസഫ് പടവില്‍ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂര്‍ അധ്യക്ഷനാകും. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന കൗണ്‍സില്‍ അംഗം ജോയി ഈഴക്കുന്നേല്‍, ഡിസിസി അംഗം ജോയി തോമസ്, കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് ജോമോന്‍ തെക്കേല്‍ തുടങ്ങിയവര്‍ സംസാരിക്കും.
2014-15 സാമ്പത്തിക വര്‍ഷം 45.5 ലക്ഷം രൂപയ്ക്കാണ് മലയോര ഹൈവേയോരത്ത് 50 സെന്റ് സ്ഥലം വാങ്ങിയത്. സ്ഥലത്ത് മണ്ണും മറ്റ് അവശിഷ്ടങ്ങളും തള്ളാല്‍ എല്‍ഡിഎഫ് ഭരണസമിതി മൗനാനുവാദം നല്‍കിയതായി സംശയിക്കുന്നതായും കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. ഈ സ്ഥലത്ത് ഉടന്‍ പഞ്ചായത്ത് ഓഫീസ് കം കോംപ്ലക്‌സ് നിര്‍മിക്കണം. തള്ളിയ കല്ലും മണ്ണും ഉടന്‍ നീക്കാന്‍ നടപടി സ്വീകരിക്കണം.
കൈയേറ്റം തടയാന്‍ മതില്‍ കെട്ടി സംരക്ഷിക്കണം. ഇതിന്റെ മറവില്‍ സാമ്പത്തിക അഴിമതി നടന്നിട്ടുള്ളതായി സംശയിക്കുന്നതായും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.വാര്‍ത്താസമ്മേളനത്തില്‍ ജോര്‍ജ് ജോസഫ് പടവൻ ജോയി ഈഴക്കുന്നേല്‍, ജോയി തോമസ്, എം എം ചാക്കോ, ആല്‍ബിന്‍ മണ്ണംച്ചേരില്‍, ജോര്‍ജ് ജോസഫ് മാമ്പറ എന്നിവര്‍ പങ്കെടുത്തു.