സ്വകാര്യ ബസ്സിൽ രോഗിയായ വയോധികക്ക് യാത്ര നിഷേധിച്ചെന്ന് പരാതി

രണ്ടുവർഷം മുമ്പാണ് മുനിയറ സ്വദേശി മേരി വലിയകുന്നേലിന് സ്ട്രോക്ക് വന്നത് . തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ഫിസിയോതെറാപ്പി ചെയ്തു വരികയാണ്. കഴിഞ്ഞദിവസം ഫിസിയോതെറാപ്പിക്കായി കട്ടപ്പനയിലെ മകളുടെ വീട്ടിലേക്ക് വരാൻ നിൽക്കുമ്പോഴാണ് സ്വകാര്യ ബസ് യാത്ര നിഷേധിച്ചത് എന്നാണ് പരാതി. മുനിയറ സ്കൂളിന് മുൻപിൽ ബസ് കാത്തുനിന്ന മേരി സ്വകാര്യ ബസിന് കൈ കാണിച്ചു.
ബസ് നിർത്തിയ സമയം സഞ്ചി എടുക്കാനായി തിരിക്കുന്ന വേളയിൽ വാഹനം മുന്നോട്ടെടുത്ത് പൊയി എന്നാണ് വയോധിക പറയുന്നത് . ഇതോടെ ഇവരുടെ യാത്ര മുടങ്ങി. കട്ടപ്പന ഈട്ടിത്തോപ്പ് മേലെചിനാർ മുനിയറ വഴി അടിമാലിക്ക് പോകുന്ന സ്വകാര്യ ബസ് ജീവനക്കാരാണ് ഇത്തരത്തിൽ ഇടപെട്ടത് .മണിക്കൂറുകൾക്കു ശേഷമാണ് പിന്നീട് അതേ റൂട്ടിൽ ബസ് ഉള്ളത്.
ഇതോടെ വലിയ ബുദ്ധിമുട്ടുകളാണ് ഈ രോഗിയായ വയോധിക നേരിട്ടത്. നിരവധിയാളുകളുടെ സഹായത്തോടെയാണ് പിന്നീട് മേരി കട്ടപ്പനയിൽ താമസമാക്കിയ മകൾ ദീപ്തി മേരി അഗസ്റ്റിന്റെ പക്കലേക്ക് എത്തിയത്. രോഗിയായ മാതാവിന് ഉണ്ടായ പ്രതിസന്ധിയെ തുടർന്ന് കട്ടപ്പന പോലീസിൽ ഇവർ പരാതി നൽകി .
വാർദ്ധക്യം ഏറിയ ആളുകളോട് സമൂഹത്തിലെ ചിലർ കാണിക്കുന്ന ഇത്തരത്തിലെ മനോഭാവത്തിനെതിരെയാണ് ഈ കുടുംബം പരാതിയുമായി രംഗത്തുവന്നത്. ഇനിയൊരു വയോധികർക്കും ഇത്തരത്തിൽ സാഹചര്യങ്ങൾ ഉണ്ടാവരുത് എന്നാണ് പരാതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും മേരിയുടെ കുടുംബം പറയുന്നു. കട്ടപ്പന പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി വെള്ളത്തൂവൽ പോലീസ് സ്റ്റേഷനിലേക്ക് കൈമാറും.