കാഞ്ചിയാർ ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കാഞ്ചിയാർ പഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്ത് ആയി പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിന്റെ ഭാഗമായി പഞ്ചായത്തിൽ വിപുലമായ ശുചീകരണ പരിപാടികൾ നടത്തിയിരുന്നു. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പൊതു സ്ഥാപനങ്ങളെയും ഹരിത സ്ഥാപനങ്ങളായി വ്യാപിച്ച സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോൺ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടിൽ മാലിന്യമുക്ത പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിശദീകരണം നടത്തി.
കാഞ്ചിയാർ അഞ്ചുരുളിയിലാണ് യോഗം സംഘടിപ്പിച്ചത്. വിനോദസഞ്ചാരകേന്ദ്രമായ അഞ്ചുരുളിയിൽ മാലിന്യ നിക്ഷേപത്തിന് എതിരെ സന്ദേശം നൽകിക്കൊണ്ട് കുപ്പികളും പഴയ വസ്തുക്കളും ഉപയോഗിച്ച് ശില്പം ഒരുക്കി. അതിനോടനുബന്ധിച്ച് പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കാനുള്ള ബിന്നും സ്ഥാപിച്ചു. യോഗത്തിൽ ശുചിത്വ പ്രതിജ്ഞ പഞ്ചായത്ത് അംഗം തങ്കമണി സുരേന്ദ്രൻ ചൊല്ലിക്കൊടുത്തു .
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയകുമാരി ജയകുമാർ, പഞ്ചായത്ത് സെക്രട്ടറി സിമി കെ ജോർജ്, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു മധുകുട്ടൻ, സന്ധ്യാ ജയൻ , രമ മനോഹരൻ, ഷാജി വേലംപറമ്പിൽ, റോയി എവറസ്റ്റ് , പ്രിയ ജോമോൻ, സിജി സിബി, ഹരിത കർമ്മ സേന അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, വ്യാപാരികൾ പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.