കല്യാണത്തണ്ടിൽ മാലിന്യസംസ്‌കരണ കേന്ദ്രം സ്ഥാപിക്കാന്‍ നീക്കം: നഗരസഭക്കെതിരെ കേരള കോണ്‍ഗ്രസ് എം ൻ്റെ നേതൃത്വത്തിൽ ഉപവാസ സമരം ആരംഭിച്ചു

കട്ടപ്പന നഗരസഭാ പരിധിയിലെ വിനോദസഞ്ചാര കേന്ദ്രമായ കല്യാണത്തണ്ടിൽ കൂടിയാലോചനയില്ലാതെ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ കേരള കോണ്‍ഗ്രസ് എം ൻ്റെ നേതൃത്വത്തിൽ ഉപവാസ സമരം ആരംഭിച്ചു .കേരള കോൺഗ്രസ് എം കട്ടപ്പന മണ്ഡലം കമ്മിറ്റി ഭാരവാഹികളും നഗരസഭ കൗണ്‍സിലര്‍ പി എം നിഷാമോളും നഗരസഭ ഓഫീസ് പടിക്കലാണ് ഉപവാസ സമരം നടത്തുന്നത് .
31, 32 വാര്‍ഡുകളുടെ അതിര്‍ത്തി പ്രദേശമായ കല്യാണത്തണ്ടില്‍ റവന്യൂ വകുപ്പ് വിട്ടുനല്‍കിയ 60 സെന്റ് സ്ഥലത്ത് പ്ലാന്റ് സ്ഥാപിക്കാനാണ് നഗരസഭ ഭരണസമിതി ഏകപക്ഷീയമായി തീരുമാനമെടുത്തത്. ഇക്കാര്യം വാര്‍ഡ് കൗണ്‍സിലര്‍മാരെ അറിയിച്ചിരുന്നില്ല. പ്ലാന്റ് സ്ഥാപിച്ചാൽ കല്യാണത്തണ്ടിലെ ടൂറിസത്തിന് തിരിച്ചടിയാകും. നിരവധി സഞ്ചാരികളാണ് ഇവിടെ ദിവസവും എത്തുന്നത്. കൂടാതെ, മേഖലയിലെ ശുദ്ധജല സ്രോതസുകള്‍ ഉള്‍പ്പെടെ മലിനമാക്കപ്പെടും. പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനം നഗരസഭ ഉപേക്ഷിക്കണം എന്നാണ് ഉയരുന്ന ആവശ്യം.