മറയൂരിൽ യുവാവിനെ സഹോദരന്‍ വെട്ടിക്കൊലപ്പെടുത്തി

മദ്യ ലഹരിയില്‍ മാതൃസഹോദരിയെ ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ സഹോദരന്‍ വെട്ടിക്കൊലപ്പെടുത്തി. മറയൂരിലെ പുനരധിവാസ നഗറായ ഇന്ദിരാനഗറില്‍ ജഗന്‍ (36) ആണ് കൊല്ലപ്പെട്ടത്. പ്രതി ജ്യേഷ്ഠന്‍ അരുണി (48)നെ വീട്ടില്‍ നിന്നും മറയൂര്‍ പോലീസ് പിടികൂടുകയായിരുന്നു. ഇന്നലെ (ചൊവ്വ) രാത്രി 7.45 നാണ് സംഭവം നടന്നത്. രണ്ടു പേരുടെയും അച്ചന്‍ പഴനിസ്വാമിയും അമ്മ ലീലയും മരണപ്പെട്ടതോടെ മാതൃസഹോദരി ബാലാമണിയുടെ വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്.
മറയൂരിലെ ചെറുവാട് ആദിവാസി കുടിയില്‍ താമസക്കാരായ സഹോദരങ്ങള്‍ തമ്മില്‍ സ്ഥിരമായി വാക്കുതര്‍ക്കും ഉണ്ടാകുമായിരുന്നു. ഇതേ തുടര്‍ന്ന് മറയൂര്‍ ഇന്ദിരാനഗരിയില്‍ മാതൃക സഹോദരിയായ ബാലാമണിക്കൊപ്പം അരുണ്‍ താമസം മാറ്റിയപ്പോള്‍ ജഗനും ഒപ്പം എത്തി താമസം തുടങ്ങി. ജഗന്‍ മദ്യപിച്ച് സ്ഥിരമായി ബഹളമുണ്ടാക്കുമായിരുന്നു.
ഇതിനിടെ ചൊവ്വാഴ്ച രാത്രി മദ്യപിച്ചെത്തിയ ജഗന്‍ ബാലാമണിയെ വാക്കത്തി എടുത്ത് ആക്രമിക്കുവാന്‍ ശ്രമിച്ചു. ഇത് തടയാന്‍ എത്തിയ അരുണ്‍ വാക്കത്തി ഉപയോഗിച്ച് ജഗനെ വെട്ടുകയായിരുന്നു. തലയ്ക്കാണ് വെട്ടേറ്റത്. പരുക്കേറ്റ് കിടന്ന ജഗനെ മറയൂര്‍ സഹായഗിരി സ്വകാര്യ ആശുപത്രിയിലും മറയൂര്‍ ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം മേല്‍നടപടികള്‍ക്കായി കുടുംബാരോഗ്യ കേന്ദ്രത്തിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. വീട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മറയൂര്‍ ഇന്‍സ്‌പെക്ടര്‍ സി.ആര്‍.ജിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിലെത്തി അരുണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.