മാലിന്യനിക്ഷേപകർക്കെതിരെ നടപടി കടുപ്പിച്ച് കട്ടപ്പന നഗരസഭ

മാലിന്യ നിക്ഷേപകർക്കെതിരെ കട്ടപ്പന നഗരസഭ സ്വീകരിച്ച കർശന നടപടിയായിരുന്നു മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി അവ വീടുകളിൽ തിരികെ എത്തിക്കുന്നത്. ഈ നടപടി കർശനമാക്കാനും തുടരുവാനുമാണ് നഗരസഭ ആരോഗ്യവിഭാഗത്തിന്റെ തീരുമാനം. പൊതുസ്ഥലങ്ങളിൽ അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യങ്ങളിൽ നിന്നും വിവിധ സാധ്യതകൾ പ്രയോജനപ്പെടുത്തി മാലിന്യം നിക്ഷേപിച്ച ആളുകളെ കണ്ടെത്തും. തുടർന്ന് നിക്ഷേപിച്ച മാലിന്യം നിക്ഷേപകന്റെ വീടുകളിൽ തന്നെ തിരികെ എത്തിക്കുകയും പിഴ ചുമത്തുകയും ചെയ്യും.
നഗരസഭയിൽ രണ്ട് ദിവസമായി നടന്ന പരിശോധനയിൽ 3 പേർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ചാക്ക് കെട്ടുകളിലാക്കി കല്ലുകുന്ന് റോഡിൽ നിക്ഷേപിച്ച ഇരുപതേക്കർ സ്വദേശിക്കെതിരെ നടപടി സ്വീകരിച്ചു. കൂടാതെ കട്ടപ്പന ആറ്റിലേക്ക് വീട് നിർമ്മാണവുമായി ബന്ധപ്പെട്ട മാലിന്യങ്ങൾ നിക്ഷേപിച്ച പള്ളിക്കവല സ്വദേശിയുടെ വീട്ടിൽ നോട്ടിസ് ഒട്ടിച്ചു. വരും ദിവസങ്ങളിൽ കർശമായ പരിശോധന നടത്തുകയും മാലിന്യ നിക്ഷേപകർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. ഇത്തരത്തിലെ നടപടികളിലൂടെ നഗരത്തിനുള്ളിലെ മാലിന്യ നിക്ഷേപം ഒരു പരിധി വരെ കുറയ്ക്കാം എന്ന പ്രതീക്ഷയിലാണ് അധികൃതർ.