ആഭ്യന്തരവകുപ്പും കുടുംബശ്രീയും സംയുക്തമായി കട്ടപ്പനയിൽ ആരംഭിച്ച സ്നേഹിത എക്സ്റ്റൻഷൻ സെന്ററിന്റെ ഉദ്ഘാടനം നടന്നു

പോലീസ് സ്റ്റേഷനിൽ എത്തുന്ന ലിംഗാധിഷ്ഠിത അതിക്രമങ്ങൾ,കുട്ടികളുമായി ബന്ധപ്പെട്ട കേസുകൾ,കുടുംബ പ്രശ്നങ്ങൾ മാനസിക പിന്തുണ ആവശ്യമായ മറ്റ് കേസുകൾ എന്നിവ എക്സ്റ്റൻഷൻ സെന്ററുകളിൽ റഫർ ചെയ്യപ്പെടും. ഇത്തരം കേസുകൾ സ്റ്റേഷനിലെ പ്രത്യേക രജിസ്റ്റർ രേഖപ്പെടുത്തുകയും ചെയ്യും. മാനസിക പിന്തുണ, കൗൺസിലിംഗ് സേവനം തുടങ്ങിയവ ലഭ്യമാക്കുന്നതിലൂടെ പരാതി വ്യവഹാരതലം മെച്ചപ്പെടുത്താൻ പോലീസ് വകുപ്പിനും നിയമസംവിധാനങ്ങൾക്കും സഹായകമാകും.
പരാതിക്കാർക്ക് നൽകുന്ന സേവനത്തിലൂടെ അവരുടെ മാനസികതലം അവലോകനം ചെയ്യുക, അതുവഴി ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നം അഭിമുഖീകരിക്കുന്നവർക്ക് കൂടുതൽ പിന്തുണ നൽകുന്നതിനായി റഫർൽ സംവിധാനത്തിലൂടെ മാനസിക ആരോഗ്യ വിദഗ്ധരുടെ ചികിത്സ ഉറപ്പാക്കുക,മാനസിക നില മുൻകൂട്ടി പരിശോധിക്കുന്നതിലൂടെ വ്യക്തികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും പൊതുസമൂഹത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള വിവിധ പ്രശ്നങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും തോത് കുറയ്ക്കാൻ സഹായിക്കുക എന്നിവയാണ് എക്സ്റ്റൻഷൻ സെന്ററുകളുടെ ലക്ഷ്യങ്ങൾ.
സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ദുർബല ജന വിഭാഗങ്ങൾ നേരിടുന്ന ചൂഷണങ്ങളും അതിക്രമങ്ങളും ഇല്ലാതാക്കാനും അവരുടെ അവകാശങ്ങൾ ഉറപ്പാക്കി മുൻനിരയിലേക്ക് എത്തിക്കാനും എക്സ്റ്റൻഷൻ സെന്ററുകൾ ലക്ഷ്യമിടുന്നു. പരിശീലനം ലഭിച്ച കമ്മ്യൂണിറ്റി കൗൺസിലർമാരുടെ സേവനവും ഇവിടെ ലഭ്യമാണ്. കട്ടപ്പന ഡി വൈ എസ് പി ഓഫീസിന് സമീപം ആരംഭിച്ച സെന്ററിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ബീന ടോമി നിർവഹിച്ചു.
ഉദ്ഘാടന യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ കെ ജെ ബെന്നി അധ്യക്ഷത വഹിച്ചു. ഡി.വൈ.എസ്.പി വി എ നിഷാദ് മോൻ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി, വാർഡ് കൗൺസിലർ ജാൻസി ബേബി, കട്ടപ്പന എസ് എച്ച് ഒ -ടി സി മുരുകൻ , ജനറൽ ഡി പി എം ഐഎസ് സൗമ്യ, സിഡിഎസ് ചെയർപേഴ്സൺമാരായ രത്നമ്മ സുരേന്ദ്രൻ, ഷൈനി ജിജി , സ്നേഹിത ജീവനക്കാരി വി ആർ മായ എന്നിവർ സംസാരിച്ചു.