എല്ലാം കയ്യേറ്റങ്ങളും കയ്യേറ്റം തന്നെ: സി പി ഐ ജില്ലാ സെക്രട്ടറി കെ സലിം കുമാർ

കയ്യേറ്റങ്ങൾക്ക് വലിപ്പ ചെറുപ്പമില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ. എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സിപിഐ കട്ടപ്പന സൗത്ത് ലോക്കൽ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കയ്യേറ്റം നടക്കുമ്പോൾ അതെല്ലാം റവന്യൂവകുപ്പിന്റെ ചുമലിൽ മാത്രം കെട്ടിവയ്ക്കുവാൻ ചിലർ ശ്രമിക്കുകയാണ്.
കയ്യേറ്റങ്ങൾ തടയുവാനും അവർക്കെതിരെ നടപടി സ്വീകരിക്കുവാനും ആഭ്യന്തരവകുപ്പിനും പോലീസിനും ഉത്തരവാദിത്തമുണ്ട്. .തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന അനുമതിയുടെ അടിസ്ഥാനത്തിലാണ് പരുന്തുംപാറയിലും മറ്റും കയ്യേറ്റമാഫിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നത്. ഇതും പരിശോധിക്കപ്പെടേണ്ടതാണ്.
പരുന്തുംപാറയിലെ മുഴുവൻ കയ്യേറ്റവും ഒഴിപ്പിച്ച് ഭൂമിസർക്കാർ ഏറ്റെടുക്കണം.ചൊക്രമുടിയിലും വാഗമണ്ണിലും കല്യാണതണ്ടിലും അടക്കം ജില്ലയിലെ എല്ലാ കൈയ്യേറ്റങ്ങളിലും ഇതേ നിലപാടു തന്നെയാണ് സിപിഐയ്ക്കുള്ളത്.കൈയ്യേറ്റങ്ങൾക്കെതിരെയും കൈയ്യേറ്റക്കാർക്കെതിരായും ശക്തമായ നിലപാടാണ് റവന്യൂ
മന്ത്രി കെ രാജൻ സ്വീകരിച്ചിട്ടുള്ളത് ഇതിനോടൊപ്പമാണ് ജില്ലയിലെ പാർട്ടി. ഏതു കാലത്ത് നടന്ന കയ്യേറ്റമായാലും നിലപാട് ഇതു തന്നെ. ഇത്തരം കയ്യേറ്റങ്ങൾക്കെതിരായി ആദ്യമേ തന്നെ പ്രതികരിക്കുകയും നിലപാടു സ്വീകരിക്കുകയും ചെയ്ത പാർട്ടിയാണ് സിപിഐ. റവന്യൂവകുപ്പിനേയും പാർട്ടിയെയും കയ്യേറ്റക്കാരുമായി കൂട്ടിക്കെട്ടാൻ ചില കേന്ദ്രങ്ങൾ നടത്തുന്ന നീക്കം അപലപ നീയമാണെന്നും സലിംകുമാർ പറഞ്ഞു.
വി പി കുട്ടപ്പൻ നായർ നഗറിൽ നടന്ന സമ്മേളനത്തിൽ കെ ആർ രാജേന്ദ്രൻ, ബിന്ദു ലത രാജൻ എന്നിവരായിരുന്നു പ്രസീഡിയം. ലോക്കൽ സെക്രട്ടറി കെ.എൻ കുമാരൻ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. കട്ടപ്പന മണ്ഡലം സെക്രട്ടറി വി ആർ ശശി വി കെ ധനപാൽ തുടങ്ങിയവരും പങ്കെടുത്തു. ഗിരീഷ് മാലിയെ സെക്രട്ടറിയായും എ എസ് രാജയെ അസിസ്റ്റന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഇന്ന് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന കൗൺസിൽ അംഗം വി കെ ധനപാൽ ഉത്ഘാടനം ചെയ്യും.