വാട്ടർ അതോറിറ്റി അധികൃതരുടെ കെടുകാര്യസ്ഥതയിൽ കുടിവെള്ളം മുടങ്ങി കാഞ്ചിയാർ കോവിൽമല ഇല്ലിക്കമേട് നിവാസികൾ

കാഞ്ചിയാർ പഞ്ചായത്തിലെ ആദിവാസി മേഖലയായ കോവിൽമല ഇല്ലിക്കമേട് നിവാസികളാണ് നിലവിൽ കടുത്ത കുടിവെള്ള പ്രതിസന്ധിയെ നേരിടുന്നത്. നിലവിൽ ഇവർക്ക് ഒരു പൊതു കുടിവെള്ള സംവിധാനം വർഷങ്ങളായിട്ട് ഉണ്ടായിരുന്നു. ഇതിൽ നിന്നായിരുന്നു നാട്ടുകാർ ദൈനംദിനം വെള്ളം വീട്ടാവശ്യത്തിനും മറ്റുമായി എടുത്തിരുന്നത്. കഴിഞ്ഞനാളിൽ ജലജീവൻമിഷൻ പദ്ധതിയുടെ ഭാഗമായി ഈ റോഡരികിൽ പൈപ്പുകൾ കുഴിച്ചിടുന്ന പ്രവർത്തനങ്ങൾ നടത്തി. ഈ സമയം നിലവിൽ ഉണ്ടായിരുന്ന കുടിവെള്ള പദ്ധതിയുടെ പെപ്പുകൾ ജെസിബി ഉപയോഗിച്ച് ഉണ്ണ് മാറ്റിയ വേളയിൽ വിവിധയിടങ്ങളിൽ പൊട്ടി പോയി. കരാർ എടുത്തിരുന്നവർ തകർന്ന പൈപ്പുകളുടെ അറ്റകുറ്റപ്പണികൾ നടത്തിയതും ഇല്ല.
ഇതോടെ പ്രദേശവാസികളുടെ കുടിവെള്ളം നാളുകളായി പ്രതിസന്ധിയിലാണ് വേനൽ കടുത്തതോടെ മേഖലയിൽ കടുത്ത കുടിവെള്ള ക്ഷാമമാണ് നിലവിൽ ' വലിയ തുക മുടക്കി പുറത്തുനിന്നും കുടിവെള്ളം വിലയ്ക്കുവാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ് ഇവർ.സാധാരണക്കാരും കൂലിപ്പണിക്കാരുമായ ആളുകളാണ് മേഖലയിൽ കൂടുതലായി അധിവസിക്കുന്നത്. ഇവരുടെ കുടുംബ ബഡ്ജറ്റിനെ തന്നെ കുടിവെള്ളം വിലയ്ക്ക് വാങ്ങുന്നത് താളം തിരിച്ചിരിക്കുകയാണ്.
കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഉൾപ്പെട്ട കോവിൽമല രാജപുരം സ്കൂൾ കവല പാമ്പാടി കുഴി എന്നിവിടങ്ങളിലേക്കും ഈ കുടിവെള്ള പദ്ധതിയിൽ നിന്ന് വെള്ളം എത്തിക്കുന്നതാണ്. ജലജീവ മിഷന്റെ പ്രവർത്തനങ്ങൾ നടക്കുന്ന വേളയിൽ നാട്ടുകാർ പൈപ്പുകൾ പൊട്ടിയ വിവരം കരാറുകാരനെ അറിയിച്ചതാണ്. ആ സമയം കരാറുകാരൻ തകർന്ന പൈപ്പുകളുടെ അറ്റകുറ്റപ്പണികൾ നടത്തിയിട്ട് തങ്ങൾ ഇവിടെ നിന്ന് പോകുമെന്ന് നാട്ടുകാർക്ക് ഉറപ്പുനൽകി.
എന്നാൽ ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ല എന്നാണ് നാട്ടുകാർ പറയുന്നത്. കുടിവെള്ളത്തിനായി പൈപ്പുകൾ മണ്ണിനടിയിൽ കുഴിച്ചിട്ടത് അല്ലാതെ മറ്റു നടപടികൾ ഒന്നും ജലജീവന്റെ ഭാഗമായി നടന്നിട്ടുമില്ല. ഇതോടെ കടുത്ത കുടിവെള്ള പ്രതിസന്ധിയിലൂടെയാണ് മേഖലയിലെ ആളുകൾ കടന്നു പോകുന്നത്.