കട്ടപ്പന വെട്ടിക്കുഴക്കവലയിൽ രണ്ടു വീടുകളിൽ നിന്ന് മലഞ്ചരക്ക് സാധനങ്ങൾ മോഷണം പോയി

കഴിഞ്ഞ രാത്രിയാണ് മറ്റത്തിൽ ജോസിന്റെ വീടിന്റെ ടെറസിൽ നിന്നും ആറ് കിലോയോളം ഉണങ്ങിയ ഗ്രാമ്പൂവും വാലുമ്മൽ തങ്കച്ചന്റെ വീട്ടിൽ നിന്നും 36 കിലോ പച്ച കുരുമുളകും മോഷണം പോയത്. 12:30 ന് മോഷ്ടാവ് ഈ ഭാഗത്തേക്ക് വരുന്നതും 1:04 ന് മോഷണമുതലുമായി പോകുന്നതുമാണ് സമീപത്തേ ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്. വാലുമ്മേൽ തങ്കച്ചന്റെ വീട്ടിൽ മോഷ്ടാവ് എത്തിയപ്പോൾ പട്ടി കുരച്ചതിനെത്തുടർന്ന് വീട്ടുകാർ പുറത്തിറങ്ങിയെങ്കിലും മുളകും ആയി ഇയാൾ കടന്നു കളയുകയായിരുന്നു.
മറ്റത്തിൽ ജോസിന്റെ പരാതിയെ തുടർന്ന് കട്ടപ്പന പ്രിൻസിപ്പൽ എസ് ഐ ശ്യാംകുമാറിന്റെ നേതൃത്വത്തിൽ പരിശോധനയും നടന്നു.സാമാന്യം നല്ല ഉയരമുള്ള മോഷ്ടാവ് ബർമുടയും ഓവർ കോട്ടും ധരിച്ച് മുഖം മൂടിക്കെട്ടി ചെരിപ്പ് ഇടാത്ത നിലയിലാണ് ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്.
വിളവെടുപ്പ് സീസൺ ആരംഭിച്ചതോടെ ചെറുതും വലുതുമായ നിരവധി മോഷണങ്ങളാണ് പ്രദേശത്ത് നടന്നിരിക്കുന്നത്. ടെറസിന്റെ മുകളിൽ ഉണങ്ങാനിടുന്ന മലഞ്ചരക്ക് സാധനങ്ങൾ കൃത്യമായി വൈകുന്നേരം വീട്ടിനുള്ളിൽ സൂക്ഷിക്കാൻ കർഷകർ തയ്യാറാകണമെന്നാണ് പോലീസ് അറിയിക്കുന്നത്.