സമഗ്ര വികസനത്തിനൊരുങ്ങി വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രം

സമഗ്ര വികസനത്തിനൊരുങ്ങി വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രം.ആശുപത്രി വി കസനത്തിനാവശ്യമായ പദ്ധതികളുടെ നടത്തിപ്പിലെ കാലതാമസം ഒഴിവാക്കുന്നതിനായി വാഴൂർ സോമൻ എം എൽ എ യുടെ അധ്യക്ഷതയിൽ വകുപ്പ് തല ഉദ്യോഗസ്ഥരുടെയും എച്ച് എം സി അംഗങ്ങളുടെയും യോഗം ആശുപത്രി ഹാളിൽ ചേർന്നു.ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ 2025 ജൂൺ മാസത്തിനകം ആരംഭിക്കുവാൻ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി.
സംസ്ഥാന ബജറ്റിൽ അനുവദിച്ച 5 കോടി രൂപയും ഇടുക്കി പാക്കേജിൽ അനുവദിച്ച 2 കോടി രൂപയും ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.മഴക്കാലമാവുന്ന തോടെ ചോറ്റുപാറ തോട്ടിൽ നിന്നു മുയരുന്ന വെള്ളപ്പൊക്കം മൂലം വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നാശനഷ്ടങ്ങൾ സംഭവിക്കുന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. ഇതോടൊപ്പം ആശുപത്രിയിലെ അടിസ്ഥാന സൗകര്യക്കുറവുകളും ദൈനം ദിന പ്രവർത്തനങ്ങളെ ബാധിക്കുന്നു.
ഈ സാഹചര്യത്തിലാണ് ആശുപത്രിയുടെ സമഗ്ര വികസനത്തിന് സംസ്ഥാന ബജറ്റിൽ 5 കോടി രൂപയും മഴക്കാലത്തുണ്ടാവുന്ന വെള്ളപ്പൊക്കത്തിന് പരിഹാരം കാണുന്നതിന് ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി 2 കോടി രൂപയും അനുവദിച്ചത്.പദ്ധതികളുടെ നടത്തിപ്പിലെ കാലതാമസം ഒഴിവാക്കുന്നതിനായാണ് പീരുമേട് MLA വാഴൂർ സോമന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെയും HMC അംഗങളുടെയും യോഗം ചേർന്നത്.യോഗത്തിൽ അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗം പി എം നൗഷാദ് അധ്യക്ഷനായിരുന്നു.
മെഡിക്കൽ ഓഫീസർ Dr. വിദ്യ കെ നാഥ് സ്വാഗതമാശംസിച്ചു. പീരുമേട് എം എൽ എ വാഴൂർ സോമൻ പദ്ധതികളുടെ സമയോജിത ആരംഭത്തെക്കുറിച്ച് വിശദീകരിച്ചു. ഡെപ്യൂട്ടി ഡി എം ഓ Dr ശരത് രാജ് വിവിധ വകുപ്പുതല ഉദ്യോഗസ്ഥ രായ വിൻസ് ബാബു, സിസിലി ജോസഫ്,ബിജു ഫ്രാൻസീസ്,അനിൽ കുമാർ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. തുടർന്ന് MLA യുടെ സാന്നിധ്യത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തേണ്ട സ്ഥലങ്ങൾ സന്ദർശിച്ച് ഉദ്യോഗസ്ഥർക്ക് വേണ്ട നിർദേശങ്ങൾ നൽകി.
ആശുപത്രിയുടെ മോർച്ചറിയും അനുബന്ധ കെട്ടിടവും പൊളിച്ചു നീക്കി ഇവിടെ പുതിയ കെട്ടിടം നിർമ്മിക്കുവാനാണ് തീരുമാനം.വെള്ളപ്പൊക്കത്തിനു കാരണമാവുന്ന ചോറ്റുപാറ തോടിനു കുറുകെ നിലവിലെ പാലങ്ങൾ പൊളിച്ചു നീക്കി പുതിയ പാലം നിർമ്മിക്കും തോട്ടിലേക്കിറക്കിയുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കി മുൻ കാലങ്ങളിൽ തോടിനുണ്ടായിരുന്ന 10.5 മീറ്റർ വീതി വീണ്ടെടുത്ത് തോടിനിരുവശവും സംരക്ഷണ ഭിത്തി നിർമ്മിക്കും.
ഇതിനായി ഇറിഗേഷൻ പൊതുമരാമത്ത് കെട്ടിടവിഭാഗം ആരോഗ്യ വിഭാഗം എന്നിവയുടെ ഏകോപനം ഉറപ്പു വരുത്തി. 2025 ജൂൺ മാസത്തിനകം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് വിവിധ വകുപ്പുകൾക്ക് MLA നിർദേശം നൽകി