പിറന്നാൾ സമ്മാനങ്ങളുമായി "ചിന്ന ചിന്ന ആശൈ" രണ്ടാം ഘട്ടത്തിലേക്ക്

ജില്ലയിലെ വിവിധ വെൽഫെയർ ഹോമുകളിലെ കുട്ടികൾക്ക് അപ്രതിക്ഷിത സമ്മാനം നൽകി ശിശുദിനത്തിൽ ആരംഭിച്ച ചിന്ന ചിന്ന ആശൈ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. പദ്ധതിയുടെ തുടക്കം വിജയമായതോടെയാണ് ജില്ലാകളക്ടറുടെ നേതൃത്വത്തിൽ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നത്. പുതിയ ഘട്ടത്തിൽ വെൽഫെയർ ഹോമുകളിലെ കുട്ടികളുടെ ജന്മദിനത്തിൽ ചെറിയ സമ്മാനങ്ങൾ നൽകി സന്തോഷം പങ്കിടുന്നതിനാണ് ലക്ഷ്യമിടുന്നത്.
ചെറിയ സമ്മാനങ്ങൾ, ലഘു പിറന്നാൾ ട്രീറ്റ്, പാട്ടുപാടിയും കഥപറഞ്ഞും സ്നേഹാശംസകൾ അയച്ചും കുട്ടികളോടൊപ്പം പരിപാടിയിൽ പങ്കുചേരാനാണ് ചിന്ന ചിന്ന ആശൈയുടെ രണ്ടാം ഘട്ടം അവസരമൊരുക്കുകയെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി പറഞ്ഞു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ കുട്ടികൾക്ക് സമ്മാനങ്ങളുമായി നിരവധി പേരാണ് ജില്ലാഭരണകൂടത്തെ സമീപിച്ചത്. തുടർന്നുള്ള പൊതുജനങ്ങളുടെ തുടരന്വേഷണമാണ് പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിക്കാൻ കാരണം. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 9656402182 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് സന്ദേശം അയക്കാം.