വണ്ടിപ്പെരിയാറിൽ വിദ്യാർഥിനിയെ ഓട്ടോ റിക്ഷയിൽ കയറ്റി ഉപദ്രവിക്കാൻ ശ്രമിച്ചയാളെ പോലീസ് പിടികൂടി

വണ്ടിപ്പെരിയാറിൽ വിദ്യാർഥിനിയെ ഓട്ടോ റിക്ഷയിൽ കയറ്റി ഉപദ്രവിക്കാൻ ശ്രമിച്ചയാളെ പോലീസ് പിടികൂടി. വണ്ടിപ്പെരിയാർ പാറമട സ്വദേശി ശിവയെ (25)ആണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ സഹായിയായ ഡ്രൈവറെയും പോലീസ് പിടികൂടി. ഇന്നലെ വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പത്താം ക്ലാസ് വിദ്യാർഥിനിയെ സ്കൂളിന് സമീപത്ത് വച്ച് ശിവ ഓട്ടോ റിക്ഷയിൽ വലിച്ച് കയറ്റുകയും വണ്ടിപ്പെരിയാർ പാറമടയിൽ എത്തിയപ്പോൾ ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു.
സംഭവത്തിൽ വിദ്യാർഥിനിയുടെ കൈക്കും കാലിനും നെറ്റിക്കും പരിക്കേറ്റിട്ടുണ്ട്. ശിവ കഴിഞ്ഞ 3 വർഷക്കാലമായി പെൺകുട്ടിക്ക് പിന്നാലെ പ്രണയം നടിച്ച് നടക്കുകയായിരുന്നു. ഇതിനിടയിലാണ് മദ്യ ലഹരിയിലായിരുന്ന ഇയാൾ പെൺകുട്ടിയെ ഓട്ടോ റിക്ഷയിൽ വലിച്ചു കയറ്റി ദേഹോപദ്രവം ഏൽപ്പിക്കുന്നത്. തുടർന്ന് അധ്യാപകരും കുട്ടികളും ചേർന്ന് നൽകിയ പരാതിയെ തുടർന്ന് പെൺകുട്ടിയെ സ്റ്റേഷനിൽ എത്തിച്ച് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസിൽ പ്രതിയായ ശിവയെയും സഹായിയായിരുന്ന പെരിയാർ എസ്റ്റേറ്റ് സ്വദേശീയായ ഓട്ടോ റിക്ഷഡ്രൈവറെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. തൻ്റെ വാഹനം പ്രതി ഓട്ടം വിളിച്ചതാണെന്നാണ് ഓട്ടോ റിക്ഷഡ്രൈവർ പോലീസിൽ മൊഴി നൽകിയിരിക്കുന്നത്. വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ സുവർണ്ണ കുമാർ ASI നിയാസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.