കാട്ടുതീ തടയാൻ വനം വകുപ്പ് തീയിട്ടു; ജന്മനാ ബധിരയും മൂകയുമായ വീട്ടമ്മയുടെ അരയേക്കറോളം സ്ഥലം കത്തി നശിച്ചു.

ഇടുക്കി നഗരംപാറ റെയിഞ്ച് ഓഫീസിന്റെ കീഴിൽ വരുന്ന വാഴത്തോപ്പ് പഞ്ചായത്തിലെ മുളകുവള്ളിയിലാണ് സംഭവം. മുളകുവള്ളി കല്ലറയ്ക്കൽ മേരി ജോണിന്റെ അര ഏക്കർ പട്ടയ ഭൂമിയിലാണ് തീ കയറിയത്. കാട്ടുതീ വ്യാപിക്കാതിരിക്കാൻ എന്നു പറഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ തീയിട്ടതിനെ തുടർന്നാണ് ഇവരുടെ കൃഷിഭൂമി കത്തി നശിച്ചത്. കുരുമുളക്, കശുമാവ്, കാപ്പി, വാഴ മലയിഞ്ചി എന്നിവ പൂർണ്ണമായി കത്തി നശിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
പുരയിടത്തോടൊപ്പം വീടിൻറെ പിൻഭാഗത്തും തീ പടർന്നു. തീ കെടുത്താൻ ശ്രമിച്ച മേരി ജോണിൻ്റെ സഹോദരൻ ജിഫിന് പരിക്കേറ്റു. 2022ലും വനം വകുപ്പ് ഇത്തരത്തിൽ തീയിട്ടതിനെ തുടർന്ന് ഇവരുടെ സ്ഥലത്തെ കൃഷി നശിച്ചിരുന്നു. അന്നും വനം വകുപ്പിന് പരാതി നൽകിയെങ്കിലും യാതൊരു നഷ്ടപരിഹാരവും ലഭിച്ചില്ലെന്ന് മേരി ജോണിന്റെ സഹോദരൻ ജിഫിൻ പറഞ്ഞു.
വന വകുപ്പിൻ്റെ ക്രൂരത മൂലം നിർദ്ധന കുടുംബത്തിന് ആകെയുള്ള 50 സെൻറ് സ്ഥലവും കാർഷികവിളകളും നഷ്ടമായി. വനാതിർത്തികളിൽ ഫയർലൈൻ തെളിക്കുന്നത് പതിവാണെങ്കിലും ഇത്തവണ പലയിടത്തും ഇത്തരം നടപടികൾ ഉണ്ടായില്ല. ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ നാട്ടിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനംവകുപ്പ് മന്ത്രിക്കും ജില്ലാ കളക്ടർക്കും മേരി ജോൺ പരാതി നൽകി.