പീരുമേട് തട്ടാത്തിക്കാനം പൈൻകാട് സന്ദർശനത്തിന് പ്രവേശന ഫീസ് ഏർപ്പെടുത്തിയ വനം വകുപ്പ് നടപടിയിൽ വ്യാപക പ്രതിഷേധം. വന്യമൃഗ ശല്യത്തിന് പരിഹാരം കാണാത്ത വനം വകുപ്പ് വരുമാന മാർഗ്ഗം തേടുകയാണെന്ന് കോൺഗ്രസ്

പീരുമേട് തട്ടാത്തിക്കാനം പൈൻ കാട് വനം വകുപ്പ് ഏറ്റെടുത്ത് പ്രവേശന ഫീസ് ഈടാക്കി സന്ദർശനാനുമതി ഏർപ്പെടുത്തിയതിനെതിരെയാണ് പ്രതിഷേധമുയരുന്നത്. ഇവിടെ വനം വകുപ്പ് ബോർഡ് സ്ഥാപിച്ച് ഇക്കോ ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ച സമയത്ത് പീരുമേട് ഗ്രാമ പഞ്ചായത്തും മറ്റ് രാഷ്ട്രീയ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തുകയും വനം വകുപ്പിന്റെ ബോർഡ് പിഴുതെറിയുകയും ചെയ്തിരുന്നു.
എന്നാൽ ഇവരുടെ മൗനാനുവാദത്തോടെയാണ് ഇപ്പോൾ പദ്ധതിയുടെ ഉത്ഘാടനം നടന്നിരിക്കുന്നതെന്നും മുമ്പ് സൗജന്യ സന്ദർശനം ലഭ്യമായിരുന്ന സ്ഥലത്താണ് വനം വകുപ്പ് ഇപ്പോൾ ഫീസ് ഈടാക്കി സന്ദർശനം ഏർപ്പെടുത്തിയതെന്നും ഡി സി സി ജനറൽ സെക്രട്ടറി പി എ അബ്ദുൾ റഷീദ് ആരോപിച്ചു.
തട്ടാത്തിക്കാനം റിസർവ് വനത്തിന്റെ ഭാഗമാണെന്നും ഈ സ്ഥലത്ത് വനം വകുപ്പിന്റെ പീരുമേട്ടിലെ ഗവേഷണ യൂണിറ്റ് 1975 മുൽ 85 വരെയുള്ള കാലയളവിൽ 9 ഹെക്ടറിൽ വൈവിധ്യമാർന്ന പൈൻ മരങ്ങൾ നട്ടുവളർത്തിയെന്നുമാണ് വനം വകുപ്പിന്റെ അവകാശ വാദം. വന്യമൃഗ ശല്യത്താൽ വലയുന്ന പീരുമേട്ടിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാത്ത വനം വകുപ്പ് വരുമാന മാർഗ്ഗം തേടുകയാണെന്നും ആക്ഷേപം ഉയരുന്നു. പ്രദേശത്ത് എത്തുന്ന സഞ്ചാരികൾ ഇവിടെ വൻ തോതിൽ മാലിന്യം നിഷേപിക്കുന്നത്.
തടയാൻ കൂടുതൽ സൗകര്യങ്ങൾ ഒരുക്കി പരിസ്ഥിതി ബോധവത്ക്കരണം നൽകുന്നതിനുമാണ് പ്രദേശത്ത് ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയതെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്. മുമ്പ് സൗജന്യമായി സന്ദർശനാനുമതി ഉണ്ടായിരുന്ന പൈൻ കാട്ടിൽ മുതിർന്നവർക്ക് 30 രൂപ കുട്ടികൾക്ക് 15 രൂപ ഫോട്ടോ എടുക്കുന്നതിന് 100 രൂപ ,വെഡിംഗ് ഷൂട്ടിന് 500 രൂപ എന്നിങ്ങനെയാണ് ഇപ്പോൾ ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇത് തികച്ചും കടന്നുകയറ്റമാണെന്നും ഡിസിസി ജനറൽ സെക്രട്ടറി പി എ അബ്ദുൾറഷീദ്, KPW യൂണിയൻ വർക്കിംഗ് പ്രസിഡന്റ് എം ഉദയ സൂര്യൻ, യൂത്ത് കോൺഗ്രസ് വാളാടി മണ്ഡലം പ്രസിഡന്റ് ആർ വിഘ്നേഷ് എന്നിവർ ആരോപിച്ചു.