വന്യമൃഗങ്ങൾ ഓരോ ദിവസവും മനുഷ്യരെയും വളർത്തു മൃഗങ്ങളെയും കൊന്നൊടുക്കുമ്പോൾ കടുത്ത ഭീതിയിൽ കഴിയുകയാണ് ഇടുക്കി വാഴത്തോപ്പ് മണിയാറൻകുടി നിവാസികൾ
കാട്ടു മൃഗങ്ങളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിച്ചു വരുമ്പോൾ കാട്ടാനയുടെയും കാട്ടുപന്നിയുടെയും ആക്രമണത്തെ ഭയന്ന് രാത്രികാലങ്ങളിൽ ഉറങ്ങാതെ കഴിയുകയാണ് ഇടുക്കി ജില്ലാ ആസ്ഥാന മേഖലയിലെ നിരവധി കുടുംബങ്ങൾ. വാഴത്തോപ്പ് പഞ്ചായത്തിൽ വനാതിർത്തിയോട് ചേർന്നുള്ള പ്രദേശമായ മണിയാറൻകുടിയിൽ നിരവധി പട്ടികവർഗ്ഗ വിഭാഗങ്ങൾ അധിവസിക്കുന്നുണ്ട്. രാത്രികാലങ്ങളിൽ ആന ഉൾപ്പെടെയുള്ള കാട്ടു മൃഗങ്ങളെ ഭയന്ന് ഉറങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്ന് ഇവിടുത്തെ നാട്ടുകാർ വ്യക്തമാക്കുന്നു.
പെരുങ്കാലാ മുക്കണ്ണൻ കുടി, 56 കോളനി, വട്ടമേട്, ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ആനയുടെ സാന്നിദ്ധ്യം പതിവാണ്. നാട്ടുകാരുടെ നിരന്തര സമ്മർദ്ദത്തെ തുടർന്ന് സ്ഥാപിച്ച വൈദ്യുതി പ്രതിരോധവേലികളും, ട്രെഞ്ചുകളുമെല്ലാം കാലഹരണപ്പെട്ടു. ഫെൻസിങ്ങിനായി സ്ഥാപിച്ച കമ്പിവേലികളിൽ കാട്ടു വള്ളികൾ പടർന്നും തുരുമ്പ് പിടിച്ചും നശിച്ചു.
വന്യമൃഗശല്യം രൂക്ഷമായതോടെ കുട്ടികൾക്കും പ്രായമായവർക്കും ഉൾപ്പെടെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്നും നാട്ടുകാർ പറയുന്നു. വനാതിർത്തിയിൽ ശക്തമായ ഫെൻസിംഗ് സ്ഥാപിക്കുകയും ട്രെഞ്ചുകൾ നിർമ്മിച്ച് ജനവാസ മേഖലയിൽ കാട്ടുമൃഗങ്ങൾ കയറാതെ സംരക്ഷണം ഏർപ്പെടുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.