രണ്ട് വീടുകൾ ഒരുക്കി അദ്ധ്യാപിക ലിൻസി ജോർജ് ; ലിൻസി ടീച്ചർ ഇത് വരെ നിർമ്മിച്ചത് എട്ട് വീടുകൾ
![രണ്ട് വീടുകൾ ഒരുക്കി അദ്ധ്യാപിക ലിൻസി ജോർജ് ;
ലിൻസി ടീച്ചർ ഇത് വരെ നിർമ്മിച്ചത് എട്ട് വീടുകൾ](https://openwindownews.com/uploads/images/202502/image_870x_67a44c52b525d.jpg)
മുരിക്കാട്ടുകുടി ഗവ.ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂളിലെ നാല് വിദ്യാർത്ഥികൾക്കായി പ്രൈമറി വിഭാഗം അദ്ധ്യാപികയും കുട്ടിക്കാനം മരിയൻ കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് ലബ്ബക്കട കൊച്ചുപറമ്പിൽ സെബാസ്ററ്യൻറെ ഭാര്യയുമായ ലിൻസി ജോർജ് ഒരുക്കിയത് രണ്ടു വീടുകൾ .ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരക്ക് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വീടുകളുടെ താക്കോൽ ദാനം നിർവഹിക്കും.
വാർത്തകളിലൂടെയും ഭവനസന്ദർശനത്തിന്റെ ഭാഗമായുമാണ് തൻ്റെ പ്രിയ ശിഷ്യരുടെ അവസ്ഥ ലിൻസി ടീച്ചർ മനസിലാക്കിയത് .മറ്റപ്പള്ളി ഭാഗത്തുള്ള രണ്ട് വിദ്യാർത്ഥികൾ പ്ലാസ്റ്റിക് മേൽക്കൂര കൊണ്ട് നിർമ്മിച്ച നനഞ്ഞൊലിക്കുന്ന കുടിലിലാണ് താമസിച്ചിരുന്നത് .മുരിക്കാട്ടുകുടി ഭാഗത്തുള്ള രണ്ട് കുട്ടികൾ താമസിച്ചിരുന്ന ചെറിയ ഷെഡ് കാലപ്പഴക്കം മൂലം വാസയോഗ്യമല്ലാതിരുന്നതിനാൽ വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്.
പഠനത്തിൽ മികവുപുലർത്തുന്ന ഇവർക്ക് ഒരുവീടെന്ന സ്വപ്‌നം സുമനസുകളുടെ സഹായത്താൽ സാധിച്ചുകൊടുക്കാൻ ലിൻസി ടീച്ചറിനായി .റിയാദിൽ ജോലിക്കാരായ പെരുമ്പടവം സ്വദേശികളായ പുത്തേർ കുടിലിൽ ബിജുവും ഭാര്യ സാലിയും വീടുപണിക്ക് വേണ്ട സഹായങ്ങൾ നൽകിയതോടെ രണ്ട് കുടുംബങ്ങളുടെ വീടെന്ന സ്വപ്നം പൂവണിഞ്ഞു.
പ്രതികൂല കാലാവസ്ഥയിലും,സിമൻറ് ഇഷ്ടികയും മണലും മറ്റ് നിർമ്മാണ സാമഗ്രികളും ചുമന്ന് എത്തിക്കാൻ കട്ടപ്പന എസ് .എം വൈ .എം ഫൊറോന ഡയറക്ടർ ഫാ.നോബി വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള പ്രവർത്തകരും ജെ പി എം കോളേജ് എൻ എസ് എസ് വോളണ്ടിയേഴ്സും മുരിക്കാട്ടുകുടി സ്കൂൾ സോഷ്യൽ സർവീസ് സ്കീം പ്രവർത്തകരും ഒത്തുകൂടിയപ്പോൾ പണികൾ വേഗത്തിലായി .
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടിൻറെ അധ്യക്ഷതയിൽ മറ്റപ്പള്ളിയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന യുവജന കമ്മീഷൻ ജില്ലാ കോ ഓർഡിനേറ്റർ ജോമോൻ പൊടിപാറ മുഖ്യപ്രഭാഷണം നടത്തും ,അദ്ധ്യാപിക ലിൻസി ജോർജ് ഭദ്രദീപം തെളിയിക്കും ,ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആൻറണി ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ തങ്കമണി സുരേന്ദ്രൻ ,
ജോമോൻ തെക്കേൽ ,ലിനു ജോസ് ,റോയ് എവറസ്റ്റ് ,കാഞ്ചിയാർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ സി ബിജു ,പ്രിൻസിപ്പാൾ സുരേഷ് കൃഷ്ണൻ, ഹെഡ്മാസ്റ്റർ എസ്. മുനിസ്വാമി ,പി റ്റി എ പ്രസിഡൻറ് പ്രിൻസ് മറ്റപ്പള്ളി ,സുനി ഗിരീഷ്,ജയ്മോൻ കോഴിമല, സ്കൂൾ സോഷ്യൽ സർവീസ് സ്‌കീം ലീഡറുമാരായ ആദിത്യ സാബു, ജിഷ്ണു കെ ശിവൻ തുടങ്ങിയവർ പ്രസംഗിക്കും .