ഉപ്പുതറ കണ്ണം പടിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം ;റിമാൻഡിലായിരുന്ന രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു
ഉപ്പുതറ കണ്ണം പടിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ റിമാൻഡിലായിരുന്ന രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.ഒന്നാം പ്രതി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി. അനിൽ കുമാർ ,രണ്ടാം പ്രതി ബീറ്റ് ഫോറസ്റ്റ് ഓഫീസർ വി. സി . ലെനിൻ എന്നിവർക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.കണ്ണംപടി, മുല്ല പുത്തൻ പുരയ്ക്കൽ സരുൺ സജിയെ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തിലാണ് നടപടി. സരുണിന്റെ പരാതിയിൽ പട്ടികജാതി-പട്ടിക വർഗ പീഢന നിരോധന നിയമ പ്രകാരം ഉപ്പുതറ പൊലീസ് 13 ഉദ്യോഗസ്ഥർക്കെതിരെ
കേസെടുത്തിരുന്നു. ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതിയും ,ഹൈക്കോടതിയും തള്ളി. തുടർന്നാണ് ഒന്നും രണ്ടും പ്രതികൾ അറസ്റ്റിലായത് .
ഇതിനു പിന്നാലെ നാലാം പ്രതി ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഷിജി രാജും അറസ്റ്റിലായി. പിന്നീട് ഇവർ നൽകിയ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി. തുടർന്ന് ഒന്നും രണ്ടും പ്രതികൾ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വിവരം വ്യാഴാഴ്ച വൈകിട്ടാണ് പോലീസ് സരുൺ സജിക്ക് നൽകിയത്. വെള്ളിയാഴ്ച തർക്ക ഹർജി നൽകാനുളള സമയം ഉണ്ടായിരുന്നില്ല. കേസ് പരിഗണിച്ചപ്പോൾ ഇക്കാര്യം സരുണിനു വേണ്ടി ഹാജരായ അഡ്വ. അരുൺ ദാസ് കോടതിയെ അറിയിച്ചു. തുടർന്ന് ബുധനാഴ്ചക്കുള്ളിൽ തടസ ഹർജി നൽകാൻ നിർദ്ദേശിക്കുകയും
ബുധനാഴ്ച വരെ ഇടക്കാല ജാമ്യം അനുവദിക്കുകയുമായിരുന്നു. അതിനിടെ കേസിൽ പ്രതിയായ വൈൽഡ് ലൈഫ് വാർഡൻ ആയിരുന്ന ബി രാഹുൽ മുൻകൂർ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചിട്ടുണ്ട്. ശനിയാഴ്ച കോടതി ഇതു പരിഗണിക്കും. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയ സീനിയർ ഗ്രേഡ് ഡ്രൈവർ ജിമ്മിയെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല.