ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ കായിക മേഖലയുടെ സമഗ്ര വികസനവും കായിക താരങ്ങളെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ കായിക വികസന സെമിനാര്‍ സംഘടിപ്പിച്ചു. കായിക വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്തുകള്‍ക്ക് കായിക മേഖലയുടെ വികസനത്തിന് വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയും അതിനുള്ള ശ്രമം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് ഉണ്ടാകണം. കായിക താരങ്ങളെ വളര്‍ത്തിയെടുക്കാനുള്ള ബാധ്യത ത്രിതല പഞ്ചായത്തുകള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. കായിക വികസനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ മുന്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡോ. സാബു വര്‍ഗീസ് സെമിനാര്‍ നയിച്ചു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ കായികമേഖലയുടെ വികസനവുമായി ബന്ധപ്പെട്ട് നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. നിര്‍ദ്ദനരായ കായികതാരങ്ങള്‍ക്ക് പരിശീലനവും ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായവും സ്‌പോര്‍ട്‌സ്‌കിറ്റുകളും നല്‍കുന്നതിനായി കായികനിധി രൂപീകരിക്കും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്‌കൂളിലെ കായിക അദ്ധ്യാപകരുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളിലെ മേധാവികളുടെയും യോഗം വിളിച്ചു ചേര്‍ത്ത് കായികവികസനത്തിനായുള്ള പദ്ധതിക്ക് രൂപം നല്കും. ജില്ലയില്‍ നിര്‍മ്മാണം നടക്കുന്ന പച്ചടി ഇന്‍ഡോര്‍ സ്റ്റേഡിയം, നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയം എന്നിവയുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തും. എച്ച്.എ.റ്റി.സി മൂന്നാര്‍, എസ്.എന്‍.വി എച്ച്.എസ്.എസ്. എന്‍.ആര്‍. സി.റ്റി, കാല്‍വരിമൗണ്ട് എച്ച്.എസ്.എസ്, പെരുവന്താനം ഹൈറേഞ്ച് സ്‌പോര്‍ട്‌സ് അക്കാദമി എന്നിവിടങ്ങളില്‍ കായികതാരങ്ങള്‍ക്ക് ഡേ ബോര്‍ഡിംഗ് സെന്റര്‍ ആരംഭിക്കുമെന്നും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അറിയിച്ചു. ദേശീയ കായികദിനമായ ആഗസ്റ്റ് 29 ന് ലഹരി വിരുദ്ധ സന്ദേശത്തിന്റെ പ്രചരണാര്‍ത്ഥം ഗ്രാമപഞ്ചായത്ത് തലത്തില്‍ ടൂര്‍ണ്ണമെന്റുകളും കായികമത്സരങ്ങളും നടത്തും. ലോക നടത്തദിനമായ ഒക്‌ടോബര്‍ 1 ന് ഗ്രാമപഞ്ചായത്തുകളില്‍ ജനകീയ പങ്കാളിത്തത്തോടെ ജനകീയ നടത്തം സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.
ഇന്ത്യേനേഷ്യയില്‍ നടന്ന ഓഷ്യന്‍മാന്‍ ഓപ്പണ്‍ വാട്ടര്‍ കടല്‍ നീന്തല്‍മത്സരത്തില്‍ ചാമ്പ്യനായ സംസ്ഥാന അറ്റ്വാറ്റിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ബേബി വര്‍ഗ്ഗീസിനെ ചടങ്ങില്‍ ആദരിച്ചു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി, ജില്ലാപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി. വര്‍ഗീസ്, ജില്ലാ പഞ്ചായത്തംഗം എം.ജെ ജേക്കബ് എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്തംഗം ഉഷാകുമാരി മോഹന്‍ കുമാര്‍, രാരിച്ചന്‍ നീറണാംകുന്നേല്‍, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി കുഞ്ഞ്, ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ്, അടിമാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഷൈന്‍ എന്‍.പി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജില്ലയിലെ കായിക താരങ്ങള്‍ തുടങ്ങി നിരവധി പേര്‍ കായിക വികസന സെമിനാറില്‍ പങ്കെടുത്തു.