മനുഷ്യ-വന്യജീവി സംഘർഷം: വനംവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ കുട്ടിക്കാനത്ത് യോഗം ചേർന്നു
മനുഷ്യ-വന്യജീവി സംഘർഷം പ്രതിരോധിക്കാനുളള നടപടികൾ സംബന്ധിച്ച് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ ഇടുക്കി ജില്ലയിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം കുട്ടിക്കാനത്ത് ചേർന്നു. ജനങ്ങളുടെ സുരക്ഷക്കായി ഉദ്യോഗസ്ഥർ പ്രവർത്തിക്കേണ്ട ആവശ്യകത മന്ത്രി എടുത്തുപറഞ്ഞു. മേഖലയിൽ നിരന്തരമായി ഉണ്ടാകുന്ന മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി പ്രത്യേക താൽപ്പര്യമെടുത്താണ് യോഗം വിളിച്ചു ചേർത്തത്.
പരിഹാരമാർഗ്ഗങ്ങളുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ സംഷിപ്ത പദ്ധതി ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ.എസ്.അരുൺ അവതരിപ്പിച്ചു. മേഖലയിൽ നാല് സ്ഥിരം RRT(റാപിഡ് റെസ്പോൺസ് ടീം) കളും ഒൻപത് താൽകാലിക ഇന്റേണൽ - RRT കളും, കൂടാതെ ഒൻപത് എമർജൻസി ഓപ്പറേഷൻ സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്.ഹൈറേഞ്ച് സർക്കിളിന് കീഴിൽ സോളാർ തൂക്കുവേലികൾ സ്ഥാപിക്കുന്ന പദ്ധതികൾ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്.
നബാർഡ് പദ്ധതിയിൽ വിവിധ ഡിവിഷനുകളിലായി 171.50 കി.മീ. RKVY കൃഷി വകുപ്പ് പദ്ധതിയിൽ 45.65 കി.മീ. എന്നിങ്ങനെയാണ് സോളാർ തൂക്കുവേലി പദ്ധതി നടപ്പിലാക്കുന്നത്. ഇത് കൂടാതെ നബാർഡ് പദ്ധതിയിൽ 33.77 കി.മീ. റും RKVY പദ്ധതിയിൽ 1.45 കി.മീറ്ററും ആന പ്രതിരോധ കിടങ്ങും നിർമ്മിക്കുന്നു. ഇവയുടെ നിർമ്മാണ പുരോഗതി സംബന്ധിച്ച് മന്ത്രി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
കൂടാതെ ജില്ലയിൽ അധികമായി ആവശ്യം വരുന്ന എ ആർ ടി , മറ്റ് സംവിധാനങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി വിശദമായ ചർച്ചയും നടന്നു.വനം വകുപ്പ് ഈയിടെ ആരംഭിച്ച വന്യജീവികൾക്കായി വനത്തിനുളളിൽ വെളളവും ആഹാരവും ഉറപ്പുവരുത്തുന്ന മിഷൻ ഫുഡ്, ഫോഡർ & വാട്ടർ പദ്ധതിയുടെ ജില്ലയിലെ നടത്തിപ്പിനെപ്പറ്റിയും വിശദമായ ചർച്ച നടന്നു.
അഡിഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഫിനാൻസ് (ബജറ്റ് & ഓഡിറ്റ്) ഡോ: പി. പുകഴേന്തി വൈൽഡ് ലൈഫ് വാർഡൻ & അഡിഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രമോദ് ജി കൃഷ്ണൻ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ &ഫീൽഡ്ഡയറക്ടർ പ്രൊജക്റ്റ് ടൈഗർ കോട്ടയം പി.പി പ്രമോദ്, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഹൈറേഞ്ച് സർക്കിൾ കോട്ടയം ആർ.എസ്.അരുൺ, ഇടുക്കി ജില്ലയിലെ മറ്റ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർ, റവന്യു, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.