ചുമട്ടുതൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് സ്വകാര്യ ഗോഡൗണിലേക്ക് എത്തിയ ചരക്ക് ലോറി തടഞ്ഞ് കട്ടപ്പനയിലെ സംയുക്ത ചുമട്ടു തൊഴിലാളി യൂണിയൻ

കട്ടപ്പനയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് എത്തിയ ചരക്ക് ലോറിയാണ് സംയുക്ത ചുമട്ട് തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ വെള്ളയാംകുടി സുവർണ്ണഗിരി റോഡിൽ തടഞ്ഞത്. അഥിതി തൊഴിലാളികൾക്ക് കാർഡ് സമ്പാദിച്ചുകൊണ്ട് യൂണിയൻ തൊഴിലാളികളുടെ പണി നഷ്ടപ്പെടുത്തുകയാണ് തൊഴിലുടമ ചെയ്തതെന്ന് തൊഴിലാളികൾ ആരോപിക്കുന്നു. 15 വർഷത്തിലധികമായി ചെയ്തിരുന്ന പണി നിഷേധിക്കുന്ന നിലപാടാണ് തൊഴിലുടമ സ്വീകരിക്കുന്നത്.
ഇതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുമെന്ന് ഐഎൻടിയുസി നേതാവ് പറയുന്നു. നാളുകളായി തൊഴിലുടമ സ്വീകരിക്കുന്ന തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ സാധനങ്ങൾ കയറ്റി അയക്കുന്ന ഗോഡൗൺ നേതൃത്വം പ്രശ്നപരിഹാരം ഉണ്ടാക്കുമെന്ന് പറഞ്ഞ വാഗ്ദാനവും ലംഘിക്കപ്പെടുകയാണ് എന്ന് ബിഎംഎസ് നേതാവ് പറയുന്നു.
തൊഴിലുടമയുടെ സ്വകാര്യ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായിട്ടുള്ള നിലപാടാണ് നടക്കുന്നതെന്ന് സിഐടിയു നേതാവ് ആരോപിച്ചു. ലോഡിങ് തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുത്തി അനധികൃതമായി ലോഡിറക്കുന്ന സമീപനമാണ് തൊഴിലുടമ സ്വീകരിച്ചു പോന്നിരുന്നത് . ഇതിനെതിരെ മുൻപും പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു. കോടതി വിധിയിലൂടെ ലോഡിങ് തൊഴിലാളികളുടെ തൊഴിൽ നിഷേധിക്കുകയായിരുന്നു ചെയ്തത്.
മറ്റൊരു ഗോഡൗണിന്റെ പേരിൽ നേടിയ കോടതി ഉത്തരവ് കാണിച്ചുകൊണ്ട് നിലവിൽ തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്ന നയമാണ് തൊഴിലുടമ സ്വീകരിക്കുന്നതെന്ന് സിഐടിയു ഹെഡ് ലോഡ് ആൻഡ് ടിംബർ വർക്കേഴ്സ് ഏരിയ സെക്രട്ടറി ടോമി ജോർജ് പറഞ്ഞു.
അതേസമയം വലിയ ലോഡ് വണ്ടികൾ സ്കൂൾ സമയമടക്കം വീതി കുറഞ്ഞ വെള്ളയാംകുടി സുവർണ്ണ ഗിരി റോഡിലൂടെ കടന്നു പോകുന്നത് റോഡിന്റെ തകർച്ചയ്ക്ക് കാരണമാകുന്നതിനൊപ്പം അപകട ഭീക്ഷണി ഉയർത്തുന്നു എന്ന് ആരോപിച്ച് നാട്ടുകാരും രംഗത്തെത്തി . തൊഴിലുടമ തൊഴിലാളികൾക്ക് ആശ്വാസകരമാകുന്ന നിലപാട് സ്വീകരിക്കുന്നതുവരെ ശക്തമായ പ്രത്യക്ഷ സമരങ്ങളിലേക്ക് കടക്കുവാൻ ആണ് സംയുക്ത ചുമട്ടു തൊഴിലാളി യൂണിയന്റെ നിലപാട്.