മുല്ലപ്പെരിയാർ ഡാം കേരളത്തിൻ്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ജനാധിപത്യ അവകാശ സംരക്ഷണ സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് മാത്യു സ്റ്റീഫൻ

മുല്ലപ്പെരിയാർ ഡാം സുരക്ഷിതമാണെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം കോടതിക്ക് ലഭിച്ച തെറ്റായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണെന്നും കട്ടപ്പനയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.ഈ വിഷയങ്ങൾ ഉയർത്തി കാണിച്ച് ഫെബ്രുവരി രണ്ടാം തീയതി കുമളിയിൽ ഉപവാസ സമരം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.കേന്ദ്ര ജല കമ്മീഷനും സുപ്രീംകോടതി രൂപീകരിച്ച മേൽനോട്ടസമിതിയും ചില താല്പര്യങ്ങൾക്ക് വഴങ്ങി കൊണ്ട് തെറ്റായ റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ഡാം സുരക്ഷിതമാണെന്ന നിരീക്ഷണം നടത്തിയിരിക്കുന്നത്. വിദേശ ഏജൻസികളെ കൊണ്ട് ഡാം സുരക്ഷാ പരിശോധന നടത്തണം. ഡാമിലെ ജലനിരപ്പ് 142 അടിയിൽ നിന്നും 136 അടിയിലേക്ക് താഴ്ത്തി ടണൽ നിർമ്മിച്ചുകൊണ്ട് തമിഴ്നാടിന് ആവശ്യമായ വെള്ളം കൊടുക്കുകയും കേരളത്തിൻറെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യണം.
അടിയന്തരമായി മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ കേന്ദ്ര ഗവൺമെൻറ് ഇടപെട്ട് കേരള തമിഴ്നാട് സർക്കാരുകളെ ഉൾപ്പെടുത്തി ചർച്ച ചെയ്ത പ്രശ്നപരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഡാം സുരക്ഷ അതോറിറ്റി സമിതിയിൽ കേരളത്തിലെ രണ്ട് അംഗങ്ങളെ സ്ഥിരമായി നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി പതിനെട്ടാം തീയതി ജനാധിപത്യ അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം രാജഭവനിലേക്ക് ബഹുജന മാർച്ച് നടത്തും.
മുല്ലപ്പെരിയാർ ജീവരക്ഷ വാഹന പ്രചരണ ക്യാമ്പിന്റെ ഭാഗമായി ഫെബ്രുവരി മാസം രണ്ടാം തീയതി കുമളി തമിഴ്നാട് അതിർത്തിയിൽ പ്രമുഖ ഗാന്ധിയൻ തോമസ് കുഴിഞ്ഞാൽ, മാത്യു സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിൽ ഉപവാസ സമരവും പ്രധാനമന്ത്രിക്ക് നിവേദനം നൽകുന്നതിൻ്റെ ഭാഗമായി ലക്ഷം പേരുടെ ഒപ്പുശേഖരണം നടത്തും. കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും അടിയന്തര സുരക്ഷയ്ക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരിഹാരം കണ്ടില്ലെങ്കിൽ ഇന്ത്യൻ പാർലമെന്റിന്റെ മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നും മാത്യുസ്റ്റീഫൻ പറഞ്ഞു.