ദേശീയ സമ്മതിദാന ദിനം : ജില്ലാതല പരിപാടി സംഘടിപ്പിച്ചു. ഓരോ വോട്ടും പ്രധാനപ്പെട്ടതെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി

ദേശീയ സമ്മതിദാന ദിനത്തോടനുബന്ധിച്ച് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടി കളക്ടർ വി വിഗ്നേശ്വരി ഉദ്‌ഘാടനം ചെയ്തു . വിദ്യാർത്ഥികളും യുവജനങ്ങളുമടങ്ങുന്ന പുതുതലമുറയ്ക്ക് ജനാധിപത്യപ്രക്രിയയിൽ വലിയ പങ്കാണ് വഹിക്കാനുള്ളത്.അതിനാൽ ഒരു വോട്ടും പാഴാക്കരുതെന്നും പതിനെട്ട് വയസ് പൂർത്തിയായവർ വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്നും കളക്ടർ പറഞ്ഞു.
പരിപാടിയിൽ ദേശീയ യുവജനദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗ മത്സരത്തിലെ കോളജ് തല വിജയികൾക്കും, ജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർക്കും, ഏറ്റവും മികച്ച മൂന്ന് ബി എൽ ഓ മാർക്കുമുള്ള സർട്ടിഫിക്കറ്റും ഫലകവും വിതരണം ചെയ്തു. നൂറ് ശതമാനം എൻറോൾമെൻറ് പൂർത്തീകരിച്ച കോളേജുകൾക്കുള്ള പുരസ്‌കാര വിതരണവും നടന്നു.ദേശീയ സമ്മതിദാന ദിനത്തോടനുബന്ധിച്ച് ജില്ലയിലെ 68 വില്ലേജ് ഓഫീസുകളിലും പരമാവധി ആളുകളെ വോട്ടർ പട്ടികയിൽ പേര് ചേർക്കുക എന്ന ഉദ്ദേശത്തോടെ എൻറോൾമെൻറ് വാഹനം എത്തി.
പേര് ചേർക്കുന്നവർക്ക് വൃക്ഷതൈ നടുന്നതിനുള്ള സൗകര്യവും എല്ലായിടത്തും ഒരുക്കിയിരുന്നു. പരിപാടിയുടെ മേൽനോട്ടം അതത് ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി തഹസിൽദാർക്കും വൃക്ഷതൈകളുടെ തുടർപരിപാലനം വില്ലേജ് ഓഫീസർമാർക്കുമാണ്. ആയിരത്തോളംപേരാണ് ഇന്ന് മാത്രം ജില്ലയിലെ വോട്ടർപട്ടികയിൽ പുതുതായി സ്ഥാനംപിടിച്ചത്.