കുട്ടിക്കാനം മുറിഞ്ഞപുഴയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ച സംഭവം വഴിത്തിരിവിൽ, പിക്കപ്പ് വാഹനം ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് പോലീസ്. വാഹനം കസ്റ്റഡിയിൽ എടുത്തു

ദേശീയപാത 183 ൽ മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷന് സമീപമായിരുന്നു ഈ മാസം 19ന് അപകടം നടന്നത്. അപകട ശേഷം റോഡിൽ കിടന്ന വിഷ്ണുവിനെ ഇതുവഴി പോയ വാഹന യാത്രികരും നാട്ടുകാരും ചേർന്ന് പീരുമേട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കില്ലും ജീവൻ രക്ഷിക്കാനായില്ല. അപകടം നടന്ന അന്നുതന്നെ വാഹനം ഇടിച്ചാണ് അപകടം സംഭവിച്ചത് എന്ന് സംശയം ഉയർന്നിരുന്നു. തുടർന്ന് പീരുമേട് പോലീസിന്റെ നേതൃത്വത്തിൽ മുറിഞ്ഞപുഴ മുതൽ മുണ്ടക്കയം വരെയുള്ള സി.സി.ടി.വി.ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ വാഹനം തിരിച്ചറിയുകയും ഇതിൻറെ നമ്പർ ലഭിക്കുകയും ചെയ്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിൽ വാഹനവും വാഹനമോടിച്ച ഡ്രൈവറെയും കസ്റ്റഡിയെടുത്തു. തമിഴ്നാട് തേനി റാസിംഗപുരം സ്വദേശി സുരേഷിനെ തേനിയിൽ എത്തി പീരുമേട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അപകടത്തിന് ഇടയാക്കിയ പിക്കപ്പ് വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തു. അപകടശേഷം ഈ പിക്കപ്പ് വാഹനം തമിഴ്നാട്ടിൽ വെച്ച് പെയിൻറിംഗ് നടത്തിയതായും പോലീസ് കണ്ടെത്തി.