കട്ടപ്പന വെള്ളയാംകുടി സെൻറ് ജോർജ് ഫൊറോന ദേവാലയത്തിലെ തിരുനാളിന് തുടക്കമായി. ഇടുക്കി രൂപത വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു

കട്ടപ്പന വെള്ളയാംകുടി സെൻറ് ജോർജ് ഫൊറോന ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസിൻ്റെയും വിശുദ്ധ കന്യാമറിയത്തിന്റെയും ദീര രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിനാണ് തുടക്കമായത്.മൂന്ന് ദിവസങ്ങളിലായാണ് തിരുനാൾ ആഘോഷങ്ങൾ നടക്കുന്നത്. തിരുനാളിന്റെ കൊടിയേറ്റ് കർമ്മം ഇടുക്കി രൂപത വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ നിർവ്വഹിച്ചു.
കൊടിയേറ്റിന് ശേഷം ലദീഞ്ഞ് തിരുനാൾ കുർബാന സെമിത്തേരി സന്ദർശനം എന്നിവ നടന്നു.തിരുനാളിന്റെ രണ്ടാം ദിവസം വൈകിട്ട് 4 മണിക്ക് ആഘോഷമായ തിരുനാൾ കുർബാന നടക്കും. ഫാദർ വിനീത് മേയ്ക്കൽ കാർമികത്വം വഹിക്കും. ഫാ.ഷാജി മംഗലത്ത് തിരുനാൾ സന്ദേശം നൽകും. തുടർന്ന് കട്ടപ്പന ടൗണിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണം നടക്കും.
മൂന്നാം ദിവസം ഞായറാഴ്ച രാവിലെ 9 മണിക്ക് വിശുദ്ധ കുർബാന നടക്കും. തുടർന്ന് 10 മണിക്ക് വാഹന വെഞ്ചിരിപ്പ് നടക്കും. വൈകിട്ട് 4 മണിക്ക് ആഘോഷമായ തിരുനാൾ കുർബാന നടക്കും. ഫാദർ ലിബിൻ മനയ്ക്കലേട്ട് തിരുനാൾ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം നടക്കും. ദിവ്യ കാരുണ്യ ആശിർവാദത്തിന് ശേഷം പ്രശസ്ത പിന്നണിഗായകൻ ജിൻസ് ഗോപിനാഥ് നയിക്കുന്ന ഗാനമേളയും നടക്കും.
ചടങ്ങുകൾക്ക് ഇടവക വികാരി ഫാദർ തോമസ് മണിയാട്ട്, അസിസ്റ്റൻറ് വികാരി ഫാദർ ആന്റണി കുന്നത്തും പാറയിൽ, ഫാദർ ചാക്കോ ആയിലുമാലിൽ, സിബി കിഴക്കേൽ, സാജൻ വലിയ കുന്നേൽ എന്നിവർ നേതൃത്വം നൽകും . തിരുനാൾ ദിവസങ്ങളിൽ അമ്പ് എഴുന്നള്ളിക്കുന്നതിനും അടിമ വെക്കുന്നതിനും സൗകര്യവും ഉണ്ടായിരിക്കും.