ഉത്സവങ്ങൾ തടസ്സപ്പെടുത്താൻ നീക്കം’: ആന എഴുന്നള്ളിപ്പ് നിയന്ത്രണങ്ങൾക്കുള്ള സ്റ്റേ തുടരും
![ഉത്സവങ്ങൾ തടസ്സപ്പെടുത്താൻ നീക്കം’: ആന എഴുന്നള്ളിപ്പ് നിയന്ത്രണങ്ങൾക്കുള്ള സ്റ്റേ തുടരും](https://openwindownews.com/uploads/images/202501/image_870x_6792186fcf35d.jpg)
ആന എഴുന്നള്ളിപ്പ് സംബന്ധിച്ച കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത തീരുമാനം പിൻവലിക്കാതെ സുപ്രീംകോടതി. സ്റ്റേ നീക്കണമെന്ന അപേക്ഷ ഉടന്‍ പരിഗണിക്കണമെന്ന മൃഗസ്നേഹികളുടെ സംഘടനയുടെ ആവശ്യമാണു സുപ്രീം കോടതി നിരസിച്ചത്. കേരളത്തിൽ എഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞ് ഒരാള്‍ കൊല്ലപ്പെട്ടെന്നും രണ്ടു ഡസനിലേറെപ്പേര്‍ക്ക് പരുക്കേറ്റെന്നും ചൂണ്ടിക്കാട്ടിയാണു സംഘടന ആവശ്യം ഉന്നയിച്ചത്.
ദേവസ്വങ്ങൾക്ക് അനുകൂലമായി, നിലവിലെ ചട്ടങ്ങൾ പാലിച്ച് ആന എഴുന്നള്ളിക്കാമെന്നാണ്, ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയത്. സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് മൃഗസ്നേഹികളുടെ സംഘടന മുൻപു സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. അപേക്ഷയില്‍ അടിയന്തരവാദം കേൾക്കണമെന്ന ആവശ്യം അനുവദിക്കാനാകില്ലെന്നു ജസ്റ്റിസ് ബി.വി.നാഗരത്ന വ്യക്തമാക്കി.
ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനും നിർദേശിച്ചു.ശിവരാത്രി ഉൾപ്പെടെയുള്ള ഉത്സവങ്ങൾ വരാനിരിക്കെ അവ തടസ്സപ്പെടുത്താനാണു മൃഗസ്നേഹി സംഘടനയുടെ നീക്കമെന്നു തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്കായി ഹാജരായ അഭിഭാഷകൻ എം.ആർ.അഭിലാഷ് വാദിച്ചു. അപ്രായോഗികവും നിലവിലെ ചട്ടങ്ങള്‍ക്കു വിരുദ്ധവുമാണെന്നു നിരീക്ഷിച്ചാണു ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.ഹര്‍ജി ഫെബ്രുവരി നാലിന് വീണ്ടും പരിഗണിക്കും.
എഴുന്നള്ളിപ്പിന് ആനകൾ തമ്മിൽ 3 മീറ്റർ ദൂരപരിധി പാലിക്കണം, തീവെട്ടികളിൽനിന്ന് 5 മീറ്റർ അകലം ഉറപ്പാക്കണം, ആനകളുടെ 8 മീറ്റർ അകലെ മാത്രമേ ജനങ്ങളെ നിർത്താവൂ എന്നിവയുൾപ്പെടെ ഹൈക്കോടതി ഒട്ടേറെ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രായോഗികമാണെന്നു തോന്നുന്നില്ലെന്നും ആചാരങ്ങളും ആനകളുടെ സംരക്ഷണവും ഒരുമിച്ചു കൊണ്ടുപോകണമെന്നാണു ഉദ്ദേശിക്കുന്നതെന്നും സുപ്രീംകോടതി പറഞ്ഞു.