അയ്യപ്പൻകോവിൽ വിട്ടുപോകാത്ത ഓട്ടോറിക്ഷക്ക് പെറ്റി കേസ് പ്രവാഹം
അയ്യപ്പൻ കോവിൽ പഞ്ചായത്തിലെ മേരികുളം ഓട്ടോസ്റ്റാൻഡ് വിട്ട് പുറത്തുപോകാത്ത ഓട്ടോറിക്ഷക്ക് ജില്ലക്കു വെളിയിൽ നിന്നും, തമിഴ്നാട് കടന്നു എന്നും കാട്ടി പെറ്റി കേസുകളുടെ പ്രവാഹം.മേരികുളം ടൗണിൽ ഓടുന്ന മോട്ടോർ ക്യാബിൻ വാഹനത്തിനാണ് ഇങ്ങനെ നിരന്തരം പിഴ ഒടുക്കേണ്ടി വരുന്നത്.മേരികുളം ശൗര്യാങ്കുഴി ഷെറിൻ മാത്യുവിൻ്റ ഉടമസ്ഥതയിലുള്ള കെ എൽ 37 ഡി5134മോട്ടോർ ക്യാബിൻ ടാക്സി വാഹനത്തിനാണ് തുടരെ തുടരെ പെറ്റി ലഭിക്കുന്നത്.ഷെറിൻ്റെ ഉടമസ്ഥതയിലുള്ള വാഹനം ഓടിക്കുന്നത് ഭർത്താവ് സന്തോഷ് മാത്യുവാണ്. ചെയ്യാത്ത കുറ്റത്തിന്
നിരന്തരമായി പെറ്റി ലഭിക്കുന്നതുമൂലം ഈ കുടുംബം ബുദ്ധിമുട്ടിലാണ്.മേരികുളത്തിനു പുറത്തേക്ക്, പെരിയാർ ആർറ്റിഒ ആഫീസിലേക്കു മാത്രമാണ് ഈ വാഹനം കൊണ്ടു പോയിട്ടുള്ളത്.എന്നാൽ തമിഴ്നാട് കടന്നു എന്നു പറഞ്ഞ് അഞ്ചു തവണ 105 രൂപ വീതം പിഴ ഒടുക്കേണ്ടി വന്ന ഇവർക്ക് അടുത്ത നാളിൽ മേരികുളത്തു നിന്നും 143 കിലോമീറ്റർ അകലെ കൊടുങ്ങല്ലൂർ സ്റ്റാർ ജംഗ്ഷനിൽ ട്രാഫിക് നിയമം ലംഘിച്ചു എന്നു കാട്ടി 250- രൂപ പിഴ അടക്കണമെന്ന് പറഞ്ഞ് വീണ്ടുമിപ്പോൾ ചെല്ലാൻ ലഭിച്ചിരിക്കുകയാണ്.
ചെല്ലാനിൽ ഒരു സ്കൂട്ടിയുടെ ചിത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൻ്റെ നമ്പർ വ്യക്തവുമല്ല. സലിം എന്ന പോലീസ് ഉദ്യോഗസ്ഥനാണ് കേസ് എടുത്തിരിക്കുന്നത്.ഒരോ പെറ്റിയുടെ മെസേജ് വരുമ്പോഴും വണ്ടിയുമായി സന്തോഷ് മേരികുളം ഓട്ടോസ്റ്റാൻഡിൽ ഉണ്ടാകും.ഷെറിൻ്റെയും സന്തോഷിൻ്റെയും വാഹനത്തിൻ്റെ നമ്പറിൽ ഏതോ ഒരു വാഹനം കള്ള നമ്പറിൽ ഓടുന്നുണ്ടാകാം.
ജി പി എസ് സംവിധാനം ഒരുക്കിയിട്ടുള്ള ഇവരുടെ വാഹനം എവിടേക്ക് സവാരി പോകുന്നു എന്ന് വ്യക്തമായി അറിയുവാനും സാധിക്കും. നിരന്തരം പെറ്റി അടക്കേണ്ടി വരുന്നതിനാൽ ഇവർ പരാതിയുമായി ആർറ്റിഒ ഓഫീസിൽ എത്തി എങ്കിലും എൻഫോഴ്സ്മെൻ്റ് ആർറ്റിഒ ക്ക് പരാതി നൽകാൻ പറഞ്ഞ് ഇവരെ തിരിച്ചയയ്ക്കുകയാണുണ്ടായത്.ജി പി എസ് സംവിധാനമുള്ള വാഹനം പരിശോധിച്ച് നടപടിയെടുക്കണ്ട മോട്ടോർവാഹന വകുപ്പ് അധികൃതരാകട്ടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നുമില്ല.
വാഹനം ടെസ്റ്റിങ്ങിനായി എത്തിച്ചപ്പോൾ ഈ പിഴ തുക അടക്കാതെ ടെസ്റ്റിംഗ് നടത്താൻ സാധിക്കുകയില്ല എന്ന് ഉദ്യോഗസ്ഥർ നിർബന്ധം പിടിച്ചതോടെ പിഴുതുക അടക്കുവാൻ ഇവർ നിർബന്ധിതരാകുകയായിരുന്നു.അടുത്ത പെറ്റി എവിടെ നിന്നു വരും എന്ന ആശങ്കയിൽ കഴിയുകയാണ് ഓട്ടോറിക്ഷ ഉപജീവനമാക്കി കഴിയുന്ന ഈ കുടുംബം.