മൂന്നാറിൽ ജനവാസ മേഖലകളും തോട്ടം മേഖലകളും ഉൾപ്പെടുത്തി 17066.49 ഏക്കർ ഭൂമി വനമാക്കാനുള്ള അന്തിമ നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി
സൂര്യനെല്ലിയിലും, ചെങ്കുളത്തും, ചിന്നക്കനാലിലും, ആനയിറങ്കലിലും, കുമളിയിലും പിണറായി സർക്കാർ 1837 ഏക്കർ ഭൂമി സംരക്ഷിത വനമായി വിഞ്ജാപനം ചെയ്തത് കൂടാതെയാണ് മുന്നാറിൽ കണ്ണൻ ദേവൻ റിസർവെന്ന പേരിൽ വി എസ് സർക്കാർ കരട് വിഞ്ജാപനമിറക്കിയത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമായിരുന്നു അന്ന് വനംവകുപ്പ് മന്ത്രി. ജില്ലയിൽ ഒരിഞ്ച് പോലും വനവിസ്തൃതി വർധിപ്പിക്കാൻ അനുവദിക്കില്ലന്ന് പ്രസംഗിക്കുകയും അതീവ രഹസ്യമായി ജനവാസ മേഖലകൾ വനമാക്കി മാറ്റുകയുമാണ് ഇടതുസർക്കാർ ചെയുന്നത്.
ജില്ലയിലെ ഇടതുനേതാക്കൾ ഇതിന് ഒത്താശ ചെയുകയാണ്. വനം വകുപ്പിന്റെ 2021- 22 വർഷത്തെ ഭരണറിപ്പോർട്ടിൽ മൂന്നാർ ഡിവിഷന് കീഴിൽ സംരക്ഷിത വനമാക്കാനുള്ള 71.999 ചതുരശ്ര കിലോമീറ്റർ ഭൂമിയുടെ കാര്യം പറഞ്ഞിരുന്നു. ഈ ഭൂമി എവിടെയാണെന്ന് ചോദിച്ച് വിവരാവകാശ നിയമപ്രകാരം മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫിസിൽ അപേക്ഷ നൽകിയപ്പോഴാണ് ഈ റിസർവിന്റെ കാര്യം പുറത്തറിയുന്നത്.
എസ്റ്റേറ്റ് ലയങ്ങളോട് ചേർന്ന് സംരക്ഷിത വനമുണ്ടായാൽ വന്യജീവി ശല്ല്യം കാരണം ഈ പ്രാദേശങ്ങളിൽ ജനജീവിതം അസാധ്യമായി മാറും. പതിനായിരകണക്കിന് തോട്ടം തൊഴിലാളികളെയാകും ഇത് പ്രതികൂലമായി ബാധിക്കുക . മൂന്നാർ ടൗണിനോട് ചേർന്നുള്ള ബ്ലോക്ക് നമ്പർ 16 ലെ ഭൂമിയും പള്ളിവാസൽ, കാന്തല്ലൂർ, വട്ടവട വില്ലേജുകളുടെ അതിർത്തി വരെയുള്ള തോട്ടങ്ങൾ ഒഴികെയുള്ള ഭൂമിയും കരട് വിഞ്ജാപന പ്രകാരം സംരക്ഷിത വനമാണ്.
മൂന്നാർ ഗവണ്മെന്റ് കോളേജും സർക്കാർ ക്വാട്ടേഴ്സും സ്ഥിതി ചെയുന്ന ബ്ലോക്ക് നമ്പർ അൻപത്തിമൂന്നും ഇതിൽ ഉൾപ്പെടും. ആയിരകണക്കിന് ടുറിസ്റ്റുകൾ ദിനം പ്രതി വരുന്ന മൂന്നാർ ടൗണിന് ചുറ്റും സംരക്ഷിത വനമാക്കിയാണ് ഇടതു സർക്കാർ കരട് വിഞ്ജാപനമിറക്കിയിരിക്കുന്നത്. കണ്ണൻ ദേവൻ റിസർവിന്റെ അന്തിമ വിഞ്ജാപനമിറങ്ങിയാൽ മുന്നാറിൽ നിന്ന് ജനങ്ങൾ കുടിയിറങ്ങേണ്ടി വരും.
അടിയന്തിരമായി കണ്ണൻ ദേവൻ റിസർവിന്റെ തുടർ നടപടികൾ നിർത്തിവെച്ച് കരട് വിഞ്ജാപനം റദ്ദ് ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന് വർത്താ സമ്മേളനത്തിൽ ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, യൂത്ത് കോൺഗ്രസ് ഉടുമ്പൻചോല നിയോജകമണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ് എന്നിവർ ആവശ്യപ്പെട്ടു.