വണ്ടിപ്പെരിയാർ വഞ്ചിവയൽ ആദിവാസി നഗറിൽ അടിസ്ഥാന സൗകര്യങ്ങളില്ല; അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്
ആദിവാസി ജനങ്ങൾ അധിവസിച്ചു വരുന്ന വണ്ടിപ്പെരിയാർ വള്ളക്കടവ് വഞ്ചിവയൽ നഗറിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വഞ്ചിവയൽ ഊരുമൂപ്പന്റെ നേതൃത്വത്തിൽ മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിലാണ് അന്വേഷിച്ച റിപ്പോർട്ട് സമർപ്പിക്കാൻ വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ഉത്തരവ് വന്നിരിക്കുന്നത്.
റോഡ് ,വെള്ളം , ശൗച്യാലയം , വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് കാട്ടിയും, പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ട ഡിപ്പാർട്ട്മെൻ്റുകൾക്ക് നിർദ്ദേശം നൽകണമെന്നുമായിരുന്നു പരാതിയിൽ ഉന്നയിച്ചിരു ന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മധുമോഹൻ വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീല കുളത്തിങ്കൽ, പീരുമേട് എംഎൽഎ വാഴൂർ സോമൻ, സാക്ഷരത പ്രേരക് പി കെ ഗോപിനാഥൻ, വള്ളക്കടവ് റേഞ്ച് ഓഫീസർ അരുൺകുമാർ മറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് ഊരിലെത്തി അന്വേഷണം നടത്തിയത്.
വഞ്ചിവയൽ അംഗൻവാടിയിൽ നടന്ന യോഗത്തിൽ ഊരു മൂപ്പൻ അജയൻ, അംഗൻവാടി പ്രവർത്തകർ എന്നിവർ അടിസ്ഥാന സൗകര്യ കുറവുകളും ഇതിനാവശ്യമായ നിർദ്ദേശങ്ങളും സെക്രട്ടറിക്ക് മുൻപിൽ അവതരിപ്പിച്ചു. പീരുമേട് എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും വഞ്ചിവയലിലേക്കുള്ള 4 കിലോ മീറ്റർ റോഡ് നിർമ്മാണത്തിനായി മൂന്നു കോടി രൂപ അനുവദിച്ചു.
ഇതോടൊപ്പം കുടിവെള്ള പദ്ധതി നടപ്പിലാക്കാനുള്ള നടപടികളും ആരംഭിച്ചു. ക എന്നാൽ വൈദ്യുതിയില്ലാത്ത വീടുകൾ ,ശൗച്യാലയം ഇല്ലാത്ത വീടുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ കൂടി പരിഹരിക്കേണ്ടതുണ്ട്.ഇത് സംബന്ധിച്ച് അന്വേഷണം പൂർത്തിയാക്കി അടുത്ത ദിവസം തന്നെ മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി മധുമോഹൻ പറഞ്ഞു.