കട്ടപ്പന ഗവ. ഐ.ടി.ഐ എന്‍.എസ്.എസ് യൂണിറ്റിന് മികച്ച സ്നേഹാരാമത്തിന് പുരസ്‌കാരം
ശുചിത്വ മിഷനും, കട്ടപ്പന മുനിസിപ്പാലിറ്റിയുമായി ചേര്‍ന്ന് എൻ.എസ്.എസ് 110 ഗവ:ഐ.ടി.ഐ നടപ്പിലാക്കിയ സ്നേഹാരാമത്തിന് വ്യാവസായിക പരിശീലന വകുപ്പ് നാഷണല്‍ സര്‍വീസ് സ്‌കീം സ്‌റ്റേറ്റ് സെല്ലിന്റെ പുരസ്‌കാരം. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി നാഷണല്‍ സര്‍വീസ് സ്‌കീം നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹഭവന പദ്ധതിയില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ച കട്ടപ്പന ഗവ: ഐ.ടി.ഐ എന്‍.എസ്.എസ് യൂണിറ്റിന് വകുപ്പിന്റെ അനുമോദനവും ലഭിച്ചു.
സംസ്ഥാന സർക്കാരിന്റെ റീബിൽഡ് വയനാടിന്റെ ഭാഗമായി മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലെ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി എൻ.എസ്.എസ് നിർമ്മിച്ചു നൽകുന്ന 150 സ്‌നേഹഭവനങ്ങളിൽ വ്യവസായിക പരിശീലന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന എൻ.എസ്.എസ് യൂണിറ്റുകളുടെ സഹായത്തോടെ എൻ.എസ്.എസ് ഐടിഡി സെൽ നിർമ്മിക്കുന്ന 2 വീടുകളുടെ നിർമ്മാണത്തിനായി സമാഹരിച്ച 25,16,239 രൂപ എം.എല്‍.എ . ആന്റണി രാജു അധ്യക്ഷത വഹിച്ച പരിപാടിയിൽ മന്ത്രി വി. ശിവന്‍കുട്ടി വകുപ്പ് മേധാവികളില്‍ നിന്നും ഏറ്റുവാങ്ങി.
നന്ദാവനം പ്രൊഫ. എന്‍ കൃഷ്ണപിള്ള ഫൗണ്ടേഷന്‍ ഹാളില്‍ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ ഐ.ടി.ഐ എന്‍.എസ്.എസ് യൂണിറ്റിന് നല്‍കിയ പുരസ്‌കാരം ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ ബിനോ തോമസ് , എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സാദിക്ക് എ, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍ നിഷാദ് ഹമീദ്, ശ്രീജ ദിവാകരൻ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
അഡിഷണല്‍ ഡയറക്ടര്‍ ഓഫ് ട്രെയിനിങ് മിനി മാത്യു, സ്‌റ്റേറ്റ് എന്‍എസ്എസ് ഓഫീസര്‍ ആര്‍.എന്‍ അന്‍സാര്‍, വ്യാവസായിക പരിശീലന വകുപ്പ് എന്‍എസ്എസ് പ്രോഗ്രാം കോഡിനേറ്റര്‍ പി വാസുദേവന്‍, ജോയിന്റ് ഡയറക്ടര്‍ ഓഫ് ട്രെയിനിങ് എ. ഷമ്മി ബക്കര്‍, തിരുവനന്തപുരം മേഖല ഇന്‍സ്‌പെക്ടര്‍ ഓഫ് ട്രെയിനിങ് ആംസ്‌ട്രോങ്ങ് , സംസ്ഥാന ഉപദേശക സമിതി അംഗം അജിത് സേവിയര്‍ വര്‍ഗീസ്, അസിസ്റ്റന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ടി.എന്‍ പ്രവീണ്‍ ചന്ദ് എന്നിവര്‍ പങ്കെടുത്തു.