വിവരാവകാശനിയമം ദുരുപയോഗംചെയ്യാൻ അനുവദിക്കില്ല : വിവരാവകാശ കമ്മിഷണർ എ.എ. ഹക്കീം
ജനാധിപത്യസംവിധാനത്തിലെ അഞ്ചാംതൂണായി കാണേണ്ട വിവരാവകാശനിയമത്തെ ഒരുകാരണവശാലും ദുരുപയോഗംചെയ്യാൻ അനുവദിക്കില്ലെന് സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.എ. ഹക്കീം പറഞ്ഞു. തൊടുപുഴ മിനി സിവിൽസ്റ്റേഷനിൽ നടന്ന കമ്മീഷൻ സിറ്റിങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമം ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നവരെ കമ്മീഷൻ കരിമ്പട്ടികയിൽപ്പെടുത്തും.ഓഫീസുകളിൽ ലഭ്യമാകുന്ന സേവനങ്ങൾ ,വിഷയാടിസ്ഥാനത്തിലുള്ള ഫയലുകളുടെ കാറ്റലോഗ് , സെക്ഷനുകളുടെ ഉത്തരവാദിത്തങ്ങൾ എന്നിവ സംബന്ധിച്ച് വെബ്സൈറ്റ് വഴി പ്രസിദ്ധപ്പെടുത്തിയാൽ തന്നെ പകുതി അപേക്ഷകളും ഒഴിവാക്കാൻ കഴിയുമെന്നാണ് കമീഷൻ മനസിലാക്കുന്നത്. ഇതിന് വേണ്ട നടപടികൾ ഓഫീസ് മേധാവികൾ സ്വീകരിക്കണം.
അപേക്ഷകനെ ഹിയറിങ്ങിന് വിളിക്കാൻ നിയമപ്രകാരം ഒന്നാം അപ്പീൽ അധികാരിക്ക് കഴിയില്ല. ഇത്തരത്തിൽ അപേക്ഷകരെ ബുദ്ധിമുട്ടിപ്പിക്കുന്ന സാഹചര്യങ്ങൾ സർക്കാർ ഉദ്യോഗസ്ഥർ ഒഴിവാക്കണം. ഇരുപതാം വാർഷികത്തോടനുബന്ധിച്ച് എല്ലാ ജില്ലകളിലും വിവരാവകാശനിയമ ശില്പശാലകളും ക്ലാസ്സുകളും കമ്മീഷൻ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇരുപത് പരാതികളാണ് കമ്മീഷൻ തൊടുപുഴയിൽ പരിഗണിച്ചത്. സിറ്റിങ്ങിൽ പങ്കെടുക്കാതിരുന്ന ദേവികുളം സബ് കളക്ടർ ,കലക്ടറേറ്റിലെ എൽ ആർ വിഭാഗം ( ഭൂപരിഷ്കരണ വിഭാഗം ) ഡെപ്യൂട്ടി കളക്ടർ, പീരുമേട് തഹസിൽദാർ എന്നിവർക്ക് സമൻസ് അയക്കും. അടുത്തമാസം അഞ്ചിന് കമ്മീഷൻ മുൻപാകെ ഇവർ നേരിട്ട് ഹാജരാകണം. വിവരാവകാശം സംബന്ധിച്ച ചോദ്യത്തിന് "ഫയൽ കാണുന്നില്ല " എന്ന രീതിയിൽ മറുപടി നൽകിയ ഉദ്യോഗസ്ഥൻ , വിവരാവകാശ അപേക്ഷകനെ പരിഹസിക്കുന്നവിധത്തിൽ മറുപടി നൽകിയ നെടുങ്കണ്ടം എം ഇ എസ് കോളേജ് അധികൃതർ എന്നിവർക്കെതിരെയും നടപടിയുണ്ടാകും.