ലഹരിമുക്ത പുളിയന്മല എന്ന മുദ്രാവാക്യമുയർത്തി ലഹരിവിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പുളിയൻ മലയിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു
നാളുകളായി പുളിയൻമലയും പരിസര പ്രദേശങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയാണ് ലഹരിവസ്തുക്കളുടെ കച്ചവടം. അനധികൃത മദ്യ വില്പന സംഘത്തിന്റെ പിടിയിലാണ് മേഖല. ഇത് മദ്യപന്മാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. വീടുകളിലും ഓട്ടോറിക്ഷകളിലും ആണ് അനധികൃത മദ്യ വില്പന നടത്തുന്നത്.
ഇതോടെ മേഖലയിലെ സ്ത്രീ സുരക്ഷയടക്കം കുറഞ്ഞുവരികയാണ്. ഈ സാഹചര്യത്തിലാണ് ലഹരിവിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പുളിയൻ മലയിൽ ലഹരിമുക്ത പുളിയന്മല എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് പ്രകടനവും യോഗവും സംഘടിപ്പിച്ചത്. ഉടുമ്പൻചോല എക്സൈസ് സബ് ഇൻസ്പെക്ടർ ജി വിജയകുമാർ യോഗം ഉദ്ഘാടനം ചെയ്തു.
വണ്ടൻമേട് പഞ്ചായത്തംഗം സെൽവി ശേഖർ അധ്യക്ഷത വഹിച്ച യോഗത്തിൽ , എഡിഎസ് പ്രസിഡന്റ് സുമ തങ്കപ്പൻ, സിപിഐഎം ലോക്കൽ സെക്രട്ടറി എൻ രാജേന്ദ്രൻ, കോൺഗ്രസ് വണ്ടൻമേട് മണ്ഡലം സെക്രട്ടറി ജഗദീശൻ അറുമുഖം , നെടുംകണ്ടം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ബിജു ജോസഫ്, ടി വി സതീഷ്, മരിയ കൃഷ്ണൻ , രാജി ബിജു , ജിനീഷ് തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.