മലയോര ഹൈവേയുടെ നിർമ്മാണത്തിൽ ക്രമക്കേട് എന്ന് പ്രദേശവാസികളുടെ പരാതി
മലയോര ഹൈവേയുടെ നിർമ്മാണത്തിന്റെ തുടക്കം മുതൽ തന്നെ നിരവധി ആരോപണങ്ങളാണ് ഉയർന്ന് വന്നിരുന്നത്. നിർമ്മാണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും പല ഭാഗത്തുനിന്നും നിരവധി പരാതികളും ആക്ഷേപങ്ങളും ആണ് ഉയരുന്നത്. കാഞ്ചിയാർ കക്കാട്ടുകടയിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടം സംരക്ഷിക്കുന്നു എന്നാണ് പ്രദേശവാസികളുടെ പരാതി.
റോഡിന്റെ സംരക്ഷണഭിത്തിക്കായി കഴിഞ്ഞദിവസം മണ്ണ് നീക്കം ചെയ്തിരുന്നു. എന്നാൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തെ സംരക്ഷിക്കുന്ന രീതിയിലാണ് മണ്ണ് നീക്കിയിരിക്കുന്നത്. ഇത് റോഡിന്റെ വീതിയെയും പ്രതികൂലമായി ബാധിക്കും. പഞ്ചായത്ത് അടക്കമുള്ളവരുടെ മൗന സമ്മതത്തോടെ സ്വകാര്യ വ്യക്തിയെ സഹായിക്കുന്നതിനാണ് ഇത്തരത്തിലെ പ്രവർത്തനം നടത്തുന്നത് എന്നാണ് പ്രദേശവാസികളുടെ ആരോപണം. ഇതോടെ പ്രതിഷേധവും ശക്തമാവുകയാണ്.
കക്കാട്ടു ടയിൽ നിന്നും അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് തിരിയുന്ന ഭാഗത്താണ് ഇത്തരത്തിൽ സ്വകാര്യ കെട്ടിടത്തെ ഒഴിച്ചുകൊണ്ട് സംരക്ഷണഭിത്തി നിർമ്മിക്കുന്നത്. മുൻപ് ഈ ഭാഗത്തെ മതപരമായ നിർമ്മാണങ്ങൾ അടക്കം റോഡ് വികസനത്തിനായി പൊളിച്ചു നീക്കിയിരുന്നു. കൂടാതെ നിരവധി വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളും ആണ് പൊളിച്ചു നീക്കിയത്. ഈ സാഹചര്യത്തിൽ സ്വകാര്യ വ്യക്തിക്കായി ഇത്തരത്തിലെ പ്രവർത്തനം നടത്തുന്നത് പ്രതിഷേധകരമാണെന്നും പ്രദേശവാസികൾ ഉന്നയിക്കുന്നു.
സംസ്ഥാനപാതയ്ക്ക് വീതിക്കുറവ് ഉണ്ടാകുന്നതിനൊപ്പം അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള പാതക്കും നിലവിലെ കരാറുകാരന്റെ നടപടി പ്രതിസന്ധി സൃഷ്ടിക്കും. വലിയ വാഹനങ്ങൾ അടക്കം പാടുപെട്ടാണ് പ്രധാന റോഡിൽ നിന്നും അഞ്ചുരുളി റോഡിലേക്ക് കടക്കുന്നത്. കെട്ടിടം പൊളിക്കാതിരിക്കുന്നത് അഞ്ചുരുളിയിലേക്കുള്ള ഗതാഗതത്തിനും വിലങ്ങു തടിയാകും. നിലവിൽ ഉണ്ടായിരിക്കുന്ന ക്രമക്കേട് ബന്ധപ്പെട്ട അധികൃതരുടെ നേതൃത്വത്തിൽ പരിശോധിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.