മൂന്നാറിൽ മദ്യലഹരിയിൽ ബിയർ കുപ്പി പൊട്ടിച്ച് എസ്ഐയെ ആക്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
അശ്വിൻ ജ്ഞാനശങ്കർ ആണ് അറസ്റ്റിലായത്. മൂന്നാർ ടൗണിൽ ഗൈഡ് ആയ യുവാവ് പോലീസിന്റെ റൗഡി ലിസ്റ്റിൽ പെട്ടയാളാണ്. ടൗണിലെ മൗണ്ട് കാർമൽ ബസിലിക്കയിലേക്കുള്ള വഴിയിലിരുന്ന് ഉച്ചത്തിൽ പാട്ട് വച്ച് യുവാക്കൾ മദ്യപിക്കുന്നതായുള്ള വിവരത്തെ തുടർന്നാണ് എസ് ഐ അജേഷ് കെ ജോണും സംഘവും സ്ഥലത്തെത്തിയത്.
പോലീസിനെ കണ്ട് മൂന്ന് യുവാക്കൾ ഓടി രക്ഷപ്പെട്ടെങ്കിലും സംഘത്തിൽ ഉണ്ടായിരുന്ന അശ്വിൻ കയ്യിലുണ്ടായിരുന്ന ബിയർ കുപ്പി പൊട്ടിച്ച് എസ്ഐയെ കുത്താനായി പാഞ്ഞടുത്തു. കുത്ത് തടയുന്നതിനിടയിൽ ഇയാൾ എസ്ഐയുടെ യൂണിഫോം വലിച്ച് കീറി. പിന്നീട് ബലപ്രയോഗത്തിലൂടെയാണ് പോലീസ് പ്രതിയെ കീഴ്പ്പെടുത്തിയത്.