കട്ടപ്പന നഗരത്തിൽ കൊച്ചു കുട്ടികളുമായി സേഫ്റ്റി പിൻ , അനുബന്ധ വസ്തുക്കൾ തുടങ്ങിയവ വില്പന നടത്തിയ നാടോടി സ്ത്രീകളെ പിടികൂടി
കട്ടപ്പന നഗരത്തിൽ ഏതാനും നാളുകളായി സേഫ്റ്റി പിൻ , ഇയർ ബഡ്‌സ് തുടങ്ങിയ വസ്തുക്കൾ വിൽക്കുന്നതിനായി നിരവധി നാടോടി സ്ത്രീകളാണ് ചുറ്റിത്തിരിഞ്ഞിരുന്നത്.ഇവരോടൊപ്പം കൈ കുഞ്ഞുങ്ങൾ ഉൾപ്പെടെ ഉണ്ടായിരുന്നു. ഇത് നിരവധി പരാതികൾക്കും ഇടവരുത്തിയിരുന്നു. തമിഴ്നാട് ചിന്നമന്നൂർ സ്വദേശികളാണ് ഇവരെന്നാണ് നിഗമനം. ബാബു എന്നറിയപ്പെടുന്ന ഒരു പുരുഷനും,അഞ്ച് സ്ത്രീകളുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
ഇവരോടൊപ്പം മൂന്ന് കൈക്കുഞ്ഞും, 6,7 വയസ്സ് പ്രായം ചോദിക്കുന്ന രണ്ട് കുട്ടികളുമാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ പരാതിയെ തുടർന്ന് വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള സംയോജിത ശിശു സംരക്ഷണ പദ്ധതി മുഖേന നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. വനിതാ ശിശു വികസന വകുപ്പ് , ചൈൽഡ് വെൽഫെയർ കമ്മിറ്റി, കാവൽ, കാവൽ പ്ലസ്, ലേബർ ഡിപ്പാർട്മെന്റ്, പോലീസ് എന്നിവരുടെ സംയുക്ത പരിശോധനയാണ് നടന്നത്. നഗരത്തിൽ പല ഇടങ്ങളിലായിട്ടാണ് ഇവർ ചുറ്റിതിരഞ്ഞിരുന്നത്.ഇവരെ സി ഡ്ബ്യു ഡി സി യുടെ മുന്നിൽ ഓൺലൈനായി ഹാജരാക്കി തുടർ നടപടികൾ സ്വികരിച്ചു.
പദ്ധതി പ്രകാരം ശക്തമായ പരിശോധനയാണ് ജില്ലയിൽ നടന്നുവരുന്നത്. ബാലവേലയിൽ ഏർപ്പെടുന്ന കുട്ടികൾ, തെരുവിൽ അലയുന്നതും ഭിക്ഷ യാചിക്കുന്നതുമായ കുട്ടികൾ, കുട്ടി കടത്തിന് വിധേയമാകുന്ന കുട്ടികൾ, മതിയായ കാരണം ഇല്ലാതെ സ്കൂൾ പഠനം ഉപേക്ഷിച്ച കുട്ടികൾ എന്നിവരുടെ സംരക്ഷണത്തിനായി ബാലവേല, ബാല ഭിക്ഷാടനം,ബാലചൂഷണം എന്നിക്കെതിരെ തെരുവ് ബാല്യ വിമുക്ത കേരളം എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ കുട്ടികളെ ചൂഷണം ചെയ്യുന്നതോ ബാലവേല ചെയ്യിക്കുന്നതോ ന ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് 1098 എന്ന നമ്പറിലോ, 1517 എന്ന നമ്പറിലോ ബന്ധപ്പെടാം.