ഇടുക്കിയിൽ നിന്ന് കർഷകരെ കുടിയിറക്കാൻ എൽഎഡിഎഫ് സർക്കാർ നീക്കം - ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി
പിണറായി സർക്കാർ ജില്ലയിൽ 4 റിസർവ് വനങ്ങൾ വിജ്ഞാപനം ചെയ്തത് കൂടാതെ ഉടുമ്പൻചോല താലൂക്കിലെ ചിന്നക്കനാൽ വില്ലേജിൽ ബ്ലോക്ക് 6 ൽ 290. 35 ഹെക്ടർ ഭൂമി സംരക്ഷിത വനമാക്കിക്കൊണ്ട് 2021 മാർച്ച് 24ന് കരട് വിജ്ഞാപനം ഇറക്കിയിരുന്നു. കൃഷി ഭൂമിയുൾപ്പടെയാണ് ഇവിടെയും വനമാക്കിമാറ്റിയത്. എം.എം. മണി മന്ത്രിയായിരുന്ന കാലയളവിലാണ് സൂര്യനെല്ലി റിസർവ് എന്ന പേരിൽ ഈ പ്രദേശം സംരക്ഷിത വനമാക്കി വിജ്ഞാപനം ഇറക്കിയത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്തായിരുന്നു ഈ വിജ്ഞാപനമിറങ്ങിയത്. ജില്ലയിലെ കൃഷി ഭൂമി വനമാക്കി മാറ്റാതിരിക്കാൻ എന്ന പേരിൽ ജില്ലയിലെ ഇടതുസ്ഥാനാർഥികൾ വോട്ട് ചോദിച്ച സമയത്തുതന്നെയാണ് സൂര്യനെല്ലിയിൽ കൃഷി ഭൂമിയുൾപ്പടെ വനമാക്കി പിണറായി സർക്കാർ ഇടുക്കിയിലെ കർഷകരെ ചതിച്ചത്. 2021 ജൂലൈ 27 ന് വിഞ്ജാപനം ചെയ്ത കുമളി റെയിഞ്ച് ഓഫീസ് കൊമ്പൗണ്ട് റിസർവ്, 2022 മെയ് 10 ന് വിഞ്ജാപനം ചെയ്ത ചെങ്കുളം റിസർവ്, 2023 സെപ്റ്റംബർ 20 ന് വിഞ്ജാപനം ചെയ്ത ചിന്നക്കനാൽ റിസർവ്, 2024 ഫെബ്രുവരി 27 ന് വിഞ്ജാപനം ചെയ്ത ആനയിറങ്കൽ റിസർവ് എന്നിവയാണ് പിണറായി സർക്കാർ ജില്ലയിൽ പ്രഖ്യാപിച്ച മറ്റ് സംരക്ഷിത വനങ്ങൾ.
ജില്ലയിലെ വനവിസ്തൃതി വർധിപ്പിച്ച് കാർഷിക മേഖലയിലും വനനിയമം നടപ്പിലാക്കുകയാണ് സർക്കാർ ചെയ്യുന്നത് എന്നും ബിജോ മാണി പറഞ്ഞു. ഒരിഞ്ച് പോലും വനവിസ്തൃതി വർധിപ്പിക്കാൻ അനുവദിക്കില്ലന്ന് പ്രസംഗിച്ച എം.എം.മണി ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ ജില്ലയിൽ 5 പുതിയ റിസർവ് വനങ്ങൾ പിണറായി സർക്കാർ വിഞ്ജാപനം ചെയ്തപ്പോൾ എവിടെയായിരുന്നുവെന്ന് വ്യക്തമാക്കണം.
വനവിസ്തൃതി വർധിപ്പിച്ചും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അമിത അധികാരം നൽകുന്ന നിയമഭേദഗതി കൊണ്ടുവന്നും വന്യ ജീവി ശല്ല്യം തടയാൻ നടപടി സ്വീകരിക്കാതെയും കർഷകരെ കുടിയൊഴിപ്പിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് സർക്കാർ നടത്തുന്നത്. സർക്കാർ കോടതിയിൽ മൗനം പാലിച്ച് പട്ടയ വിതരണം നിർത്തിവെക്കാനുള്ള ഉത്തരവ് വാങ്ങിയത് ഇതിന്റെ ഭാഗമാണ്.
വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അഴിഞ്ഞടാനുള്ള ഇടമായി ഇടുക്കിയെ മാറ്റാനാണ് സർക്കാർ നീക്കമെന്നും ജില്ലയിലെ ഇടതുനേതാക്കൾ ഇതിന് ഒത്താശ ചെയ്യുകയാണെന്നും ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി, ഡിസിസി വൈസ് പ്രസിഡന്റ് മുകേഷ് മോഹൻ, ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ, മണ്ഡലം പ്രസിഡന്റ് സിജു ചക്കുമൂട്ടിൽ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ് എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.










