യുഡിഎഫ് ഇടുക്കി വാത്തിക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും പുതുതായി നടപ്പാക്കാൻ ശ്രമിക്കുന്ന വനനിയമ ഭേദഗതിക്കെതിരെ സമര പ്രഖ്യാപനവും സംഘടിപ്പിച്ചു

നിർമ്മാണ നിരോധനവും വന്യമൃഗ ആക്രമണവും പ്രാകൃത വന നിയമങ്ങളും ഉൾപ്പെടെ ഇടുക്കിയിലെ ജനങ്ങളെ ദുരിതത്തിലാക്കുന്ന നടപടികൾ ഒഴിവാക്കേണ്ടതിനു പകരം കടുത്ത വന നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന സർക്കാർ നടപടികളിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് വാത്തിക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്.തോപ്രാംകുടി ടൗണിൽ നടന്ന സമര പരിപാടികൾ ഇടുക്കി എംപി അഡ്വ. ഡീൻ കുര്യാക്കോസ് ഉത്ഘാടനം ചെയ്തു.
കേന്ദ്ര സർക്കാരിനും, സുപ്രീം കോടതിയിലും,സമയബന്ധിതമായി സർക്കാർ അഭിപ്രായം രേഖപ്പെടുത്താത്തതാണ് തുടരെ തുടരെ കോടതിയിൽ നിന്ന് പോലും കർഷകർക്ക് എതിരായ ഉത്തരവുകൾ ഉണ്ടാവാൻ കാരണമെന്ന് പ്രതിഷേധ പരിപാടികൾ ഉദ്ഘാടനം ചെയ്ത ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ് പറഞ്ഞു.
വനം വകുപ്പ് നടപ്പാക്കുന്ന നിയമങ്ങളെക്കുറിച്ച് അറിയില്ലന്നാണ് വനം വകുപ്പ് മന്ത്രി പറയുന്നത്. തൻറെ മന്ത്രിസഭയിലെ ഒരു വകുപ്പു മന്ത്രി തന്നെ ഇത്തരത്തിൽ ജനദ്രോഹ നിലപാടെടുക്കുന്നത് മുഖ്യമന്ത്രി കണ്ടില്ലന്ന് നടിക്കുകയാണ്. മുഖ്യമന്ത്രിയുടെ അനുയായികൾ സർക്കാരിനെതിരെ സമരം സംഘടിപ്പിച്ച് ജനങ്ങളെ വഞ്ചിക്കുകയാണെന്നും ഡീൻ കുര്യാക്കോസ് ആരോപിച്ചു.
വന നിയമത്തിലെ പുതിയ ഭേദഗതികൾ വനാർത്തിയിലെ ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിവിശേഷമാണ് സൃഷ്ടിക്കുന്നതെന്നും, ഈ വിഷയത്തിൽ മലയോര ജനത ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും മുഖ്യ പ്രഭാഷണം നടത്തിയ കോട്ടയം എംപി അഡ്വ. കെ ഫ്രാൻസിസ് ജോർജ് വ്യക്തമാക്കി.കോൺഗ്രസ് വാത്തിക്കുടി മണ്ഡലം പ്രസിഡണ്ട് സാജു കാരക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു.
യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ: എം. ജെ. ജേക്കബ് ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആൻസി തോമസ്, ഡിസിസി സെക്രട്ടറി ജയ്സൺ കെ ആൻറണി, ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, വാത്തിക്കുടി പഞ്ചായത്ത് പ്രസിഡൻ്റ് ജോസ്മി ജോർജ്, മറ്റു നേതാക്കളായ അഡ്വ. കെ കെ മനോജ്, വി എ ഉലഹന്നാൻ, അഡ്വ. കെ.ബി. സെൽവം ,ജോയി കൊച്ചുകരോട്ട് നോബിൾ ജോസഫ്, അനീഷ് ചേനക്കര, അഭിലാഷ് ജോസഫ് ഉൾപ്പെടെ നിരവധി നേതാക്കൾ പങ്കെടുത്ത് സംസാരിച്ചു. എംപിമാർ, പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.