പുറ്റടി ഗവൺമെന്റ് ആശുപത്രിയോട് അനുബന്ധിച്ച് നാല് കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഐസൊലേഷൻ വാർഡ് അവഗണനയിൽ

സംസ്ഥാനത്ത് ആകെ 37 ഗവൺമെന്റ് ആശുപത്രികളോട് അനുബന്ധിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തീകരിച്ച ഐസൊലേഷൻ വാർഡുകൾ കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് ഓൺലൈനായി മുഖ്യമന്ത്രി തന്നെ ഉദ്ഘാടനം ചെയ്തത്. ഇതോടൊപ്പം പുറ്റടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും 4 കോടി രൂപ ചെലവഴിച്ച് യന്ത്രസാമഗ്രികളും ചികിത്സ ഉപകരണങ്ങളും ബെഡുകളും ഉൾപ്പെടെ ഉള്ള ഐസൊലേഷൻ വാർഡ് ആണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.
എന്നാൽ ഒരു വർഷത്തോളം ആയിട്ടും ഈ കെട്ടിടം തുറന്നു പ്രവർത്തിപ്പിക്കാൻ ഉള്ള യാതൊരു നടപടികളും ആരംഭിച്ചിട്ടില്ല. കാറ്റത്ത് ഈ കെട്ടിടത്തിന്റെ സീലിംഗ് ഷീറ്റുകൾ പലയിടത്തും ഇളകി നശിച്ച നിലയിലാണ്. പൊതു ഖജനാവിലെ കോടികൾ ഇത്തരത്തിൽ പാഴാക്കി കളയുന്ന സർക്കാർ നടപടിയിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായി പൊതുപ്രവർത്തകനായ ജോബിൻസ് പാനോസ് പറഞ്ഞു.
നാലുകോടി മുടക്കിയ കെട്ടിയ സമുച്ചയത്തിന് ചുറ്റും വലിയ തോതിൽ കാടുകൾ വളർന്ന നിലയിലും പരിസരത്ത് വ്യാപകമായി മാലിന്യങ്ങൾ വലിച്ചെറിഞ്ഞ നിലയിലുമാണ്. സർക്കാരിന്റെ അലംഭാവം മൂലം കോടികൾ നശിച്ചു പോകുമ്പോഴും ആവശ്യത്തിനു ഡോക്ടർമാരും ചികിത്സാ സൗകര്യങ്ങളും ഇല്ലാതെ രോഗികൾ വലയുകയാണ്. ആരോഗ്യ വകുപ്പിന്റെ അടിയന്തിര നടപടി ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും ഐസൊലേഷൻ വാർഡ് പ്രവർത്തന സജ്ജമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.