പുല്ലുപാറ ബസ് അപകടം; മൂന്നു പേർ മരിച്ചു, രണ്ടു പേരെ തിരിച്ചറിഞ്ഞു
പുല്ലുപാറയ്ക്ക് സമീപം കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നു യാത്രക്കാർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. മാവേലിക്കര സ്വദേശികളായ രമാ മോഹൻ (51), അരുൺ ഹരി എന്നിവരാണ് മരിച്ചത്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് തിരികെ വരുമ്പോഴാണ് അപകടം. പരുക്കേറ്റവരെ പീരുമേട്ടിലെയും മുണ്ടക്കയത്തെയും ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച്ച രാവിലെയാണ് ബസ് തഞ്ചാവൂരിലേക്ക് പോയത്. ഇന്നു രാവിലെ ബസ് മാവേലിക്കര ഡിപ്പോയിൽ തിരിച്ച് എത്തേണ്ടതായിരുന്നു. രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിൽ കൊടും വളവുകൾ നിറഞ്ഞ പ്രദേശത്താണ് അപകടം സംഭവിച്ചത്. സ്ഥിരം അപകട മേഖലയായ ഇവിടെ കഴിഞ്ഞദിവസം ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനവും അപകടത്തിൽപ്പെട്ടിരുന്നു. ഹൈവേ പൊലീസ് സംഘവും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.