മാലിന്യനീക്കവുമായി ബന്ധപ്പെട്ടുള്ള നഗരസഭയുടെ പുതിയ പരിഷ്കരണത്തിൽ പ്രതിഷേധവുമായി വ്യാപാരികൾ

കഴിഞ്ഞദിവസം മുതൽ കട്ടപ്പന നഗരസഭയിലെ സ്ഥാപനങ്ങളിൽ നിന്നും വീടുകൾ അപ്പാർട്ട്മെന്റ് എന്നിവയിൽ നിന്നുമുള്ള ജൈവമാലിന്യങ്ങൾ ശേഖരിക്കാൻ സ്വകാര്യ ഏജൻസിക്ക് നഗരസഭ അനുമതി നൽകി. പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. എന്നാൽ മാലിന്യ നീക്കം കൃത്യമായി നടക്കുന്നില്ല എന്നാണ് വ്യാപാരികളുടെ ആരോപണം.
മാലിന്യ നീക്കം നടക്കാത്തതിനാൽ ദുർഗന്ധം വമിക്കുന്ന ജൈവ മാലിന്യമടക്കം സ്ഥാപനങ്ങൾക്കുള്ളിൽ കെട്ടിക്കിടക്കുന്നു എന്നും മുൻപ് പന്നിക്കർഷകർ ഉൾപ്പടെയുള്ളവർ മാലിന്യം ശേഖരിക്കുമ്പോൾ ഇത്തരത്തിലെ പ്രതിസന്ധികൾ ഉണ്ടായിരുന്നില്ല എന്നും കച്ചവടക്കാർ പറയുന്നു.
സംഭവത്തിൽ നഗരസഭയും വ്യാപാരി വ്യവസായി ഏകോപനസമിതിയും ഒത്തുചേർന്നുകൊണ്ട് സാധാരണക്കാരായ കച്ചവടക്കാർക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും, അതുകൊണ്ടുതന്നെ വ്യാപാരി വ്യവസായി സമിതിയിലേക്ക് അംഗത്വം എടുക്കുകയാണെന്നും കച്ചവടക്കാർ പറഞ്ഞു.
നിലവിൽ നിരവധി പ്രതിസന്ധികളിലൂടെയാണ് കട്ടപ്പനയിലെ വ്യാപാരി സമൂഹം കടന്നു പോകുന്നത്, പ്രമുഖ വ്യാപാരി സംഘടന അടക്കം ചെറുകുട കച്ചവടക്കാരുടെ നിലനിൽപ്പിന് ശ്രമിക്കാതെ, പ്രതിസന്ധി ഉണ്ടാകുമ്പോൾ മുഖം തിരിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. അതോടൊപ്പം നഗരസഭയുടെ പരിഷ്കാരങ്ങൾ സാധാരണക്കാർക്ക് വെല്ലുവിളി സൃഷ്ടിക്കുകയും ആണ്. മാലിന്യ നീക്കം നടക്കാത്തതിന് പുറമേ ഈ പ്രവർത്തനം സ്വകാര്യ ഏജൻസിക്ക് നൽകിയതോടെ വലിയ തുക യൂസർഫിയായും നൽകേണ്ടി വരികയാണ്.
ഇത് സാധാരണ തോതിലുള്ള കച്ചവടക്കാർക്ക് ഇരട്ടി പ്രഹരവും നഷ്ടവും ഉണ്ടാക്കുന്നു. അഞ്ച് കിലോ വരെ 50 രൂപായും, അഞ്ച് കിലോയിൽ അധികം വരുന്ന മാലിന്യത്തിന് കിലോയ്ക്ക് അനുസരിച്ച് വേറെ തുകയും നൽകേണ്ടിവരുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. വിഷയത്തിൽ അനുകൂലമായ നടപടി ഉണ്ടാകണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. മറ്റ് സംഘടനയിൽ നിന്നും വ്യാപാരി വ്യവസായി സമിതിയിലേക്ക് ചേർന്നവർക്ക് ജില്ല വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ അംഗത്വം നൽകി.