നഗരസഭയിലെ ജൈവമാലിന്യ നീക്കം ; ലൈഫ് സ്റ്റോക്ക് ഫാർമേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി നഗരസഭക്ക് നിവേദനം നൽകി
കഴിഞ്ഞ ദിവസം മുതലാണ് കട്ടപ്പന നഗരത്തിലെ സ്ഥാപനങ്ങൾ,വീടുകൾ, അപ്പാർട്ട്മെന്റുകൾ,എന്നിവയിൽ നിന്നും ജൈവമാലിന്യങ്ങൾ ശേഖരിക്കാൻ അനുമതി നൽകിയത്. ഇതിനു മുൻപ് വരെ സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നുമെല്ലാം പന്നിക്കർഷകർ ഉൾപ്പെടെയാണ് മിച്ച ഭക്ഷണം ശേഖരിച്ചിരുന്നത്. ഇത്തരത്തിൽ സ്വകാര്യ ഏജൻസി ഇനി മുതൽ യൂസർ ഫീ ഈടാക്കി മാലിന്യം ശേഖരിക്കുമ്പോൾ തങ്ങൾക്ക് ലഭ്യമാവേണ്ട മിച്ച ഭക്ഷണം ലഭിക്കാതെ ആകുകയും പ്രതിസന്ധി ഉണ്ടാക്കുകയും ചെയ്യുന്നു എന്നാണ് അസോസിയേഷൻ ആരോപിക്കുന്നത്.
30/ 9 /2021ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വിവിധ വകുപ്പ് മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും വിളിച്ചു ചേർത്ത യോഗത്തിൽ കോഴി വില്പന കേന്ദ്രങ്ങളിൽ നിന്നും ഉണ്ടാകുന്ന അവശിഷ്ടങ്ങളും,ഹോട്ടലുകളിൽ നിന്നും ഫ്ലാറ്റുകളിൽ നിന്നുമുള്ള മിച്ച ഭക്ഷണങ്ങളും ഫാമുകളിൽ പന്നികളുടെ തീറ്റ ആവശ്യത്തിന് ഉപയോഗിച്ച ശേഷം ബാക്കിയുള്ളത് കൃത്യമായി സംസ്കരിക്കുന്ന ഏജൻസികൾ പോലുള്ള സംവിധാനങ്ങൾക്ക് നൽകണമെന്നാണ് തീരുമാനിച്ചിരുന്നത്.
എഫ് 3 /136/ 2021 ഏ എച് കത്ത് പ്രകാരം മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ സെക്രട്ടറി ഷീല പി ഇത് സംബന്ധിച്ച് അറിയിപ്പും നൽകിയിട്ടുണ്ട്. എന്നാൽ കട്ടപ്പന നഗരസഭ ഉദ്യോഗസ്ഥരും ഭരണസമിതിയും സർക്കാർ തീരുമാനത്തെ അവഗണിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇത് കാലങ്ങളായി ഹോട്ടലുകളിൽ നിന്ന് വരുന്ന മിച്ച ഭക്ഷണവും കോഴി വില്പന കേന്ദ്രങ്ങളിൽ നിന്നുള്ള ഭക്ഷ്യവിശിഷ്ടങ്ങളും നൽകി പന്നിയിറച്ചി ഉത്പാദിപ്പിച്ച് സംസ്ഥാനത്തിന്റെ മാംസാവശ്യം നിറവേറ്റുന്ന പന്നി കർഷകരുടെ നിലനിൽപ്പ് ഇല്ലാതാക്കുന്ന തീരുമാനമാണ്.
ജൈവമാലിന്യങ്ങൾ സ്വകാര്യ കമ്പനി ശേഖരിക്കാൻ ആരംഭിച്ചതോടെ പന്നി കർഷകർ വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കാനും തുടങ്ങി. ഈ സാഹചര്യത്തിലാണ് ലൈഫ് സ്റ്റോക് ഫാർമേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന നഗരസഭ അധികൃതർക്ക് നിവേദനം നൽകുകയും, യോഗം ചേരുകയും ചെയ്തത്. തങ്ങൾക്ക് അനുകൂലമാകുന്ന നടപടി ഉണ്ടാകുമെന്ന് ചെയർപേഴ്സൺ ഉറപ്പ് നൽകി എന്നും, ഹോട്ടലുകളിൽ നിന്നും മിച്ച ഭക്ഷണം പന്നി ഫാം ഉടമകൾക്കു ഉറപ്പുവരുത്തുന്നതിന് വേണ്ടി നടപടി സ്വീകരിക്കുമെന്നും ചെയർപേഴ്സൺ ഉറപ്പ് പറഞ്ഞതായും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
എൽ.എസ്.എഫ്. എ ജില്ലാ പ്രസിഡന്റ് സുജാ നായർ, സംസ്ഥാന കോഡിനേറ്റർ മെജോ ഫ്രാൻസിസ്, സംസ്ഥാന കമ്മിറ്റി അംഗം അനീഷ് കുമാർ പ്രകാശ്, അംഗങ്ങളായ സച്ചിൻ തോമസ്, സുജിത്ത് മാത്യു, ആൽവിൻ തോമസ് , സുമോദ് മാത്യു , സാബു, ജെയിസ് ജോസഫ്, ജോസഫ് മാത്യു, അഭിജിത്ത് നായർ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്..










