ഇഴ ജന്തുക്കൾക്കും സാമൂഹ്യവിരുദ്ധർക്കും താവളം ഒരുക്കി സർക്കാർ വക കെട്ടിടം

നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പത്തുവർഷം മുൻപ് ലക്ഷങ്ങൾ മുടക്കി രാജകുമാരി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിർമ്മിച്ച വർക്ക് ഷെഡ് അനാഥമായി കിടന്നു നശിക്കുന്നു. വനിത സ്വയം സഹായ സംഘങ്ങൾക്ക് ഉൽപ്പാദന യൂണിറ്റുകൾ ആരംഭിക്കാനാണ് 5 മുറികളുള്ള വർക്ക് ഷെഡ് നിർമ്മിച്ചത്. നിർമ്മാണം പൂർത്തിയാക്കിയ ശേഷം സ്വയം സഹായ സംഘങ്ങൾ ചില സംരംഭങ്ങൾ ഇവിടെ ആരംഭിച്ചില്ലെങ്കിലും പിന്നീട് നഷ്ടം മൂലം നിർത്തേണ്ടിവന്നു.
അതിനുശേഷം മുറികൾ ആരും വാടകക്കെടുത്തില്ല. ഇവിടേക്കുള്ള വൈദ്യുത കണക്ഷനും കെഎസ്ഇബി വിഛേദിച്ചു. കെട്ടിടത്തിന്റെ ഇരുമ്പ് ഷട്ടറുകൾ എല്ലാം ദ്രവിച്ച് നിലത്ത് വീഴാറായ അവസ്ഥയിലാണ്. വെറുതെ കിടക്കുന്ന കെട്ടിടം ഇഴജന്തുക്കൾ താവളമാക്കിയതോടെ ശല്യമായി മാറിയെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞദിവസം തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾ കെട്ടിടത്തിന്റെ ചുറ്റുമുള്ള കാടുകൾ വെട്ടി വൃത്തിയാക്കിയിരുന്നു. ഈ സമയം നിരവധി പാമ്പുകളെ കണ്ടെന്ന് നാട്ടുകാർ പറയുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ഇവിടെ ഇങ്ങനെയൊരു കെട്ടിടം ഉണ്ടെന്ന് അറിയില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.