മുള്ളരിങ്ങാട് മരണത്തിന് ഉത്തരവാദികള്‍ ഡീൻ കുര്യാക്കോസും പി ജെ ജോസഫും:സി പി ഐ എം

മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തില്‍ യുവാവ് മരണപ്പെടാന്‍ ഇടയായ സാഹചര്യത്തിന് ഉത്തരവാദികള്‍ ഡീന്‍ കുര്യാക്കോസ് എംപിയും പി ജെ ജോസഫ് എംഎല്‍എയും ആണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു. 50 വര്‍ഷത്തിലധികമായി പിജെ ജോസഫ് എംഎല്‍എ ആയിരിക്കുന്ന പ്രദേശത്താണ് ദുരന്തം ഉണ്ടായത്. ഡീന്‍ കുര്യാക്കോസിന്‍റെ വീടിരിക്കുന്ന പഞ്ചായത്തിനോട് ചേര്‍ന്നുള്ള പ്രദേശത്താണ് യുവാവ് മരണപ്പെട്ടത്.
സ്വന്തം താമസസ്ഥലത്തിനു ചുറ്റുമുള്ള ജനങ്ങളുടെ ജീവനുപോലും സംരക്ഷണം നല്‍കാന്‍ എം പിക്ക് കഴിയുന്നില്ല. അതേസമയം തൊട്ടടുത്ത കവളങ്ങാട് പഞ്ചായത്തിന്‍റെ ഭാഗം കോതമംഗലം എം എല്‍ എ ആന്‍റണി ജോണ്‍ എം എല്‍ എ ഫണ്ട് ഉപയോഗിച്ച് ഫെന്‍സിങ് തീര്‍ത്ത് കാട്ടാന ആക്രമണത്തില്‍ നിന്നും ജനങ്ങളെ സംരക്ഷിച്ചു. 2 കിലോമീറ്റര്‍ ദൂരത്തോളം ഫെന്‍സിംഗ് പൂര്‍ത്തിയാക്കുകയും ബാക്കി പൂര്‍ത്തിയാക്കാന്‍ 14 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ തൊടുപുഴയില്‍ എം പിയും എം എല്‍ എ യും ഫണ്ട് എന്ത് ചെയ്യുകയായിരുന്നു എന്ന് മറുപടി പറയണം. എം പി ഫണ്ട് അനുവദിച്ചിട്ട് വനം വകുപ്പ് നടപ്പാക്കിയില്ലെന്ന് എം പിയുടെ ഏറ്റുപറച്ചില്‍ നാടിനാകെ നാണക്കേടാണ്. കോണ്‍ഗ്രസ് കേന്ദ്രത്തില്‍ കൊണ്ടുവന്ന ജനവിരുദ്ധമായ വനനിയമങ്ങള്‍ മാറ്റുന്നതിന് എം പി എന്ന നിലയില്‍ ഡീന്‍ കുര്യാക്കോസ് കേന്ദ്രത്തില്‍ ഒരു ഇടപെടലും നടത്തുന്നില്ല. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് വന്യജീവി ആക്രമണം തടയാന്‍ ആവശ്യമായ ഏകോപനം നടത്തേണ്ടയാളും എം പിയാണ്.
എന്നാല്‍ അതും ഉണ്ടാകുന്നില്ല. ഇടുക്കി ജില്ല ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി കഴിവുള്ള ഒരു പാര്‍ലമെന്‍റ് അംഗമില്ല എന്നതാണ്. എം പി ഫണ്ട് എഴുതി കൊടുക്കാന്‍ ഒരു ക്ലര്‍ക്കിന്‍റെ ആവശ്യമേ ഉള്ളൂ. എന്നാല്‍ അത് നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയും ശേഷിയും ജനപ്രതിനിധിക്ക് ഉണ്ടാവണം. വനംവകുപ്പ് തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ്. 100 വര്‍ഷത്തിനുമേല്‍ പഴക്കമുള്ള ജനവാസ കേന്ദ്രമാണ് മുള്ളരിങ്ങാട്.
സമീപകാലത്തിനു മുന്‍പ് ഇതുവരെ ആന ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ആന പ്രത്യക്ഷപ്പെടുന്നതിന് പിന്നില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കരങ്ങള്‍ ഉണ്ടെന്ന് പ്രദേശവാസികള്‍ ഉറച്ചു വിശ്വസിക്കുന്നു. വനം വകുപ്പിന്റെ സമീപനം തിരുത്തിയില്ലെങ്കില്‍ വനംവകുപ്പിന് ജനകീയ ഉപരോധം നേരിടേണ്ടി വരുമെന്നും സി പി ഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് പറഞ്ഞു.