മൂലമറ്റം കോട്ടമല റോഡ്;ജനുവരിയോടു കൂടി ടെന്‍ഡര്‍ നല്‍കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

മൂലമറ്റം കോട്ടമല റോഡ് നിര്‍മാണത്തിന് ജനുവരിയോടു കൂടി ടെന്‍ഡര്‍ നല്‍കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ പൂര്‍ത്തിയായി വരികയാണെന്നും അദ്ദേഹം അറിയിച്ചു. റോഡിന്റെ അവശേഷിക്കുന്ന രണ്ടു കിലോമീറ്റര്‍ ജോലിയാണ് പൂര്‍ത്തിയാകാനുള്ളത്. 6.80 കോടി രൂപയുടെ ഭരണാനുമതിയാണ് ഇതിനായി നല്‍കിയിരുന്നത്. 5.75 കോടി രൂപയുടെ എസ്റ്റിമേറ്റും തയാറാക്കി.
ആദ്യ കരാറുകാരന്‍ ഉപേക്ഷിച്ചു പോയതിനു പിന്നാലെ മൂന്നു വട്ടം കരാര്‍ വിളിച്ചെങ്കിലും സര്‍ക്കാര്‍ നിശ്ചയിച്ച തുകയ്ക്ക് പ്രവര്‍ത്തി ഏറ്റെടുക്കാന്‍ ആരും തയാറായിരുന്നില്ല. ഒടുവില്‍ സിംഗിള്‍ ടെന്‍ഡറായി ഒരാള്‍ എത്തിയെങ്കിലും എസ്റ്റിമേറ്റിനേക്കാല്‍ 19.25 ശതമാനം അധിക തുകയാണ് ഇയാള്‍ ക്വോട്ട് ചെയ്തത്.
പൊതുവമരാമത്ത് വകുപ്പിന്റെ പക്കലുള്ള ഫയല്‍ ധനവകുപ്പിലേക്ക് അയച്ച് അഭിപ്രായം തേടിയിരിക്കുകയാണ്. പുതുവര്‍ഷത്തില്‍ തന്നെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ടെന്‍ഡര്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കോട്ടമല റോഡിന്റെ നിര്‍മാണത്തില്‍ ഒരു അലംഭാവവും കാട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.