സഹകരണ പെൻഷൻകാർ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്

കേരള കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 2024 ഡിസംബർ 19 വ്യാഴാഴ്‌ച സംസ്ഥാനത്തെ മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലും, തിരുവനന്തപുരത്ത് സഹകരണ പെൻഷൻ ബോർഡിന് മൂന്നിലും നടത്തുന്ന മാർച്ചും ധർണ്ണയുടേയും ഭാഗമായി അന്നേ ദിവസം ഇടുക്കി കളക്ട്രേറ്റിലേക്കും മാർച്ചും ധർണ്ണയും നടത്തുന്നു. 2025 ജനുവരി മാസം സംസ്ഥാന തല സമരപ്രചാരണ ജാഥയും അസംബ്ളി മാർച്ചും, 2025 ഫെബ്രുവരി മുതൽ സെക്രട്ടറിയേറ്റ് നടയിൽ അനിശ്ചിതകാല സത്യാഗ്രഹവും നടത്തുന്നതുമാണ്.
സഹകരണ പെൻഷൻകാർക്ക് വാർദ്ധക്യത്തിൽ ജീവിക്കാൻ മതിയായ പെൻഷനും ക്ഷാമബത്തക്കും മറ്റുമായി പെൻഷൻ പരിഷ്‌കരണം നടത്തണമെന്ന ആവശ്യങ്ങൾക്കും സമരങ്ങൾക്കും വളരെ നാളത്തെ ചരിത്രമുണ്ട്.റിട്ട. ജില്ലാ ജഡ്‌ജി ശ്രീ.എം. രാജേന്ദ്രൻ നായർ ചെയർമാനായും, പെൻഷൻബോർഡ് ചെയർമാനും, ട്രേഡ് യൂണിയൻ നേതാവുമായ ശ്രീ. ആർ.തിലകൻ ഉൾപ്പെടയുള്ള അഞ്ചംഗ സഹകരണ പെൻഷൻ പരിഷ്കരണ കമ്മീഷൻ്റെ റിപ്പോർട്ട് തീർത്തും നിരാശജനകമാണ്.
ഈ റിപ്പോർട്ട് പെൻഷൻകാരും സംഘടനയും തള്ളികളയുകയാണ്. മൂന്നുമാസകാലാവധിക്ക് 27.06.2023-ൽ നിയമിച്ച കമ്മീഷൻ കാലാവധി നീട്ടി നീട്ടി ഒരു വർഷത്തിനുശേഷം 29.07.2024 -ലാണ് സഹകരണ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് പുറത്ത് വിടാൻ പിന്നേയും മാസങ്ങൾ താമസിച്ചു. ഇക്കാലമത്രയും കമ്മീഷന്റെ അലവൻസും, ഭാരിച്ച ചെലവുകളും നൽകിയത് പെൻഷൻകാർക്ക് ക്ഷാമബത്ത കൊടുക്കാൻ ഫണ്ടില്ലെന്നു പറയുന്ന പെൻഷൻകാരുടെ കോൺട്രിബ്യൂട്ടറി പ്രൊവിഡന്റ് ഫണ്ട് കൊണ്ട് മാത്രം സ്വരൂപിച്ച സഹകരണ പെൻഷൻ ഫണ്ടിൽ നിന്നാണ്.
ഇതിൽ നിന്നും തന്നെയാണ് പെൻഷൻ ബോർഡ് ജീവനക്കാരുടെ ശമ്പളവും 1DA യും മറ്റു ചെലവുകളും എടുക്കുന്നത്. പെൻഷൻകാർക്ക് മെച്ചപ്പെട്ട പെൻഷൻ ഉറപ്പുവരുത്തുന്നതിനു പകരം എങ്ങിനെ പെൻഷൻ നൽകാതിരിക്കാം എന്ന വിദഗ്ദമായ കണ്ടെത്തലാണ് കമ്മീഷൻ്റെ റിപ്പോർട്ടിലുള്ളത്.31.03.2024-ലെ പെൻഷൻ ബോർഡിന്റെ അഡിമിനിസ്‌ട്രേറ്റീവ് റിപ്പോർട്ട് പ്രകാരം 69 കോടി രൂപ ലാഭം കാണിച്ചിട്ടുണ്ട്. 1656 കോടി രൂപ കേരളബാങ്കിൽ പെൻഷൻ ബോർഡിന് സ്ഥിരനിക്ഷേപമുണ്ട്. SB നിക്ഷേപം വേറെയും.
നിക്ഷേപത്തിന്റെ കോടികണക്കിനുള്ള രൂപയുടെ പലിശവരുമാനം ഉള്ളത് കമ്മീഷൻ കണക്കിലെടുത്തിട്ടില്ല. സഹകരണ പെൻഷൻ കൊടുക്കാൻ സർക്കാരിന് യാതൊരു മുതൽ മുടക്കും ഇതേവരെ ഉണ്ടായിട്ടില്ല. എന്നിട്ടാണ് ഫണ്ടുണ്ടായിട്ടും ലഭിച്ചുവന്നിരുന്ന 9% DA നിറുത്തലാക്കിയതും. ആനുകൂല്യങ്ങൾ അനുവദിക്കാത്തതും.പെൻഷൻ പരിഷ്‌കരണ റിപ്പോർട്ട് തള്ളിക്കളയുക, സഹകരണ പെൻഷൻകാർക്ക് DA അനുവദിക്കുക, മിനിമം പെൻഷൻ്റേയും പരമാവധി പെൻഷൻ്റേയും പരിധി വർദ്ധിപ്പിക്കുക, ആരോഗ്യ ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കുക തുടങ്ങിയുള്ള ആവശ്യങ്ങളുമായി സമര പരിപാടികൾക്ക് തുടക്കമിടുന്നത്.19.12.2024 വ്യാഴാഴ്‌ച രാവിലെ 10.30 ന് പൈനാവ് IHRD ജംഗ്ഷനിൽ നിന്ന് ഇടുക്കി കളക്ട്രേറ്റിലേക്ക് ആരംഭിക്കുന്ന മാർച്ചിനെ തുടർന്നുള്ള ധർണ്ണാസമരം ശ്രീ.എം.എം.മണി എം.എൽ.എ ഉദ്ഘാടനം ചെയ്യും.
ശ്രീ ജോയി വെട്ടിക്കുഴി (UDF ഇടുക്കി ജില്ലാ ചെയർമാൻ) മുഖ്യപ്രഭാഷണവും ശ്രീ.റ്റി.എം.ജോൺ (പാക്‌സ് അസോസിഷൻ) ശ്രീ.കെ.കെ.സുകുമാരൻ (സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ) ശ്രീ.കെ.കെ.ജോസഫ് (KCSPA സ്റ്റേറ്റ് എക്‌സി മെമ്പർ)ജീവനക്കാരുടെ സംഘടനാ നേതാക്കളായ റ്റി.സി.രാജശേഖരൻനായർ (KCEU), ബിജു മാത്യു(KCEF) സംഘടനാ നേതാക്കൾ തുടങ്ങിവർ അഭിസംബോധന ചെയ്യും.